കണ്ണൂരിൽ അക്രമങ്ങൾക്ക് തുടക്കം കുറിച്ചത് എ കെ ജിയെന്ന് കെ സുധാകരൻ

single-img
10 January 2018

കെ സുധാകരൻഎ കെ ജി വിവാദത്തിൽ വി ടി ബൽറാമിനു പിന്തുണയുമായി കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ. സിപിഎമ്മിന്റെ വേട്ടപ്പട്ടികള്‍ക്ക് മുന്നില്‍ വേട്ടയാടാന്‍ ബല്‍റാമിനെ വിട്ടുതരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

എ.കെ. ഗോപാലൻ ദിവ്യനോ, മാതൃകാപുരുഷനോ, മഹാനോ എന്നുപറയാൻ കണ്ണൂരിലെ കോൺഗ്രസിന് സാധിക്കില്ലെന്നും കണ്ണൂരിലെ അക്രമങ്ങളുടെ സ്ഥാപകനാണ് എ.കെ.ജിയെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ എക്സിക്യൂട്ടിവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read Also: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര: പോലീസിന് പങ്കില്ലെന്ന് ഡിജിപി

കണ്ണൂരിൽ ജനാധിപത്യം തകർക്കാൻ ആദ്യം ശ്രമിച്ച, പെരളശ്ശേരിയിൽ പാർട്ടി ഗ്രാമമുണ്ടാക്കാൻ വീടുകൾ ആക്രമിക്കുകയും കല്യാണം മുടക്കുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്ത നേതാവാണ് എകെജിയെന്നും സി.പി.എം ഇദ്ദേഹത്തെ പർവതീകരിച്ച് പ്രചരിപ്പിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു.

സി.പി.എം-സി.പി.ഐ പോരിൽനിന്ന് ജനശ്രദ്ധതിരിക്കാൻ വി.ടി. ബൽറാമിനെ സി.പി.എം ബലിയാടാക്കുകയാണെന്നാരോപിച്ച സുധാകരൻ സിപിഎമ്മിന്റെ വേട്ടപ്പട്ടികൾക്കു മുന്നിൽ വേട്ടയാടാൻ ബൽറാമിനെ കോൺഗ്രസ് വിട്ടുതരില്ലെന്നും പ്രഖ്യാപിച്ചു.

ബൽറാമി‍​ന്റെ ഓഫിസ് അടിച്ചുതകർത്തവരോട് ഞങ്ങൾക്കു പറയാനുള്ളത് വിമർശനം ജനാധിപത്യത്തി‍ന്റെ അവകാശമാണ്. വിശ്വപൗരനായ ഗാന്ധിജിയെ ഏറ്റവും മ്ലേച്ഛമായ വാക്കുകൊണ്ടാണ് സി.പി.എം വിമർശിച്ചത്. എം.എം. മണിയുടെ വിമർശനത്തിന് സി.പി.എമ്മുകാരെപ്പോലെ കോൺഗ്രസ് പ്രതികരിച്ചിരുന്നെങ്കിൽ ഇടുക്കിയിൽ സി.പി.എമ്മിന് ഒാഫിസ് പോലുമുണ്ടാവുമായിരുന്നില്ല. കോൺഗ്രസി‍ന്റെ സംസ്കാരത്തി‍ന്റെ ഭാഗമായിട്ടാണ് ബൽറാമി‍ന്റെ പരാമർശങ്ങളെ കോൺഗ്രസ് നേതാക്കൾ വിമർശിച്ചതെന്നും സുധാകരൻ പറഞ്ഞു.

കൃഷ്ണപ്പിള്ളയുടെ കരണത്തടിച്ച നേതാവാണ് എ.കെ.ജിയെന്ന് ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗൗരിയമ്മക്കെതിരെ ചെറുവിരലനക്കാൻ കോടിയേരിക്കും പിണറായിക്കും കഴിഞ്ഞിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു.