മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെ പരിഹസിച്ച് ജേക്കബ് തോമസ്

single-img
10 January 2018

മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശ യാത്രയ്ക്കുള്ള പണം ദുരന്തനിവാരണ ഫണ്ടില്‍ നിന്നും അനുവദിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സസ്‌പെന്‍ഷനിലായ ഐ എം ജി ഡയറക്ടര്‍ ജേക്കബ് തോമസ് രംഗത്ത്.ഫെയ്‌സ്ബുക്കിലൂടെയാണ് വിമര്‍ശനം. പാഠം നാല് ഫണ്ട് കണക്ക് എന്ന കുറിപ്പിലൂടെയാണ് വിമര്‍ശനം.

തൃശൂരിലെ പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കും അവിടെ നിന്ന് തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ടു ലക്ഷം രൂപയാണ് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നല്‍കാന്‍ നിര്‍ദേശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരുന്നു.

നേരത്തെ ഓഖി വിഷയത്തിലും സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി ജേക്കബ് തോമസ് രംഗത്ത് എത്തിയിരുന്നു. ഓഖി ദുരന്തത്തിലെ ധനസഹായത്തിന്റെ കണക്കുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി പരിഹസിച്ചാണ് ജേക്കബ് തോമസ് അന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.

‘പാഠം ഒന്ന് കണക്കിലെ കളികള്‍’ എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന പോസ്റ്റില്‍ കേന്ദ്രത്തില്‍ നിന്ന് 7,000 കോടി ധനസഹായം ആവശ്യപ്പെട്ട കേരളത്തിന്റെ കണക്കുകളിലാണ് ജേക്കബ് തോമസ് സംശയം ഉന്നയിച്ചത്. മരിച്ചവര്‍ക്കും കാണാതായവര്‍ക്കും പരുക്കേറ്റവര്‍ക്കും കൂടി 400 കോടിയുടെ കണക്കു നിരത്തുന്ന ജേക്കബ് തോമസ് ദുരന്തനിവാരണത്തിന് ആകെ വേണ്ടത് 700 കോടി മാത്രമാണെന്ന് പറയുന്നു. സര്‍ക്കാര്‍ കണക്കുകള്‍ ശരിയാകുന്നുണ്ടോയെന്ന് ചോദിക്കുന്ന അദ്ദേഹം കണക്കിന് വേറെ ടീച്ചറെ നോക്കാമെന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇതിന് പിന്നാലെ ജേക്കബ് തോമസിന്റെ പരിഹാസത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലതെന്ന് ഐസക് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ ധാരണയില്ലാത്തതുകൊണ്ടാണ് ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം കേന്ദ്രത്തിനു സമര്‍പ്പിച്ച ഏഴായിരം കോടിയുടെ പാക്കേജിനെ അദ്ദേഹം പരിഹസിക്കുന്നത്. കേന്ദ്രത്തിനു മുന്നില്‍ സമര്‍പ്പിച്ചത് സമഗ്രമായ പാക്കേജാണെന്നും ഐസക് പറഞ്ഞിരുന്നു.