കലോത്സവ വേദിയില്‍ ചെരുപ്പിനുള്ളില്‍ കാമറ വെച്ച് അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമം; മധ്യവയസ്‌കന്‍ പിടിയില്‍

single-img
10 January 2018


കലോത്സവ നഗരിയില്‍നിന്നു ചെരുപ്പിനകത്ത് ഒളികാമറയുമായി മധ്യവയസ്‌കനെ പൊലീസ് പിടികൂടി. കാല്‍പ്പാദം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്റെ മുകള്‍ഭാഗം മുറിച്ച് അതിനകത്തു മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു ചുറ്റിക്കറങ്ങുമ്പോഴാണു ചിയ്യാരം സ്വദേശി പിടിയിലായത്.

തേക്കിന്‍കാട് മൈതാനിയിലെ എക്‌സിബിഷന്‍ ഗ്രൗണ്ടിലേക്ക് അസാധാരണമായ രീതിയില്‍ നടന്നുവരുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇയാളെ പൊലീസ് നിരീക്ഷിക്കുകയായിരുന്നു. നിഴല്‍പൊലീസ് പിന്നാലെ ചെന്നുനോക്കിയപ്പോഴാണു കാലുകൊണ്ടുള്ള ഷൂട്ടിങ് മനസിലായത്.

താഴെ നിന്നുള്ള അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു ശ്രമമെന്നു പൊലീസ് പറഞ്ഞു. ഈസ്റ്റ് പൊലീസ് പ്രതിക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു. അതിനിടെ കലോത്സവത്തില്‍ മത്സരിക്കാനുള്ള അപ്പീലിനു ബാലാവകാശ കമ്മിഷന്റെ വ്യാജരേഖയുണ്ടാക്കി രക്ഷിതാക്കള്‍ക്കു നല്‍കിയ രണ്ടുപേര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായി.

നൃത്താധ്യാപകരായ തൃശൂര്‍ ചേര്‍പ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരാണു കസ്റ്റഡിയിലുള്ളത്. അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. ജഡ്ജിമാരെ വരെ നിര്‍ണയിക്കുന്ന വന്‍ മാഫിയസംഘം ഇതിനു പിന്നിലുണ്ടെന്നു ക്രൈംബ്രാഞ്ചിനു വിവരം കിട്ടിയിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളിലും ഇവര്‍ ഇത്തരം രേഖയുണ്ടാക്കുകയും ജഡ്ജിമാരെ സ്വാധീനിക്കുകയും ചെയ്തുവെന്നാണു സൂചന. ജില്ലാതലത്തില്‍ തോറ്റവരെ വ്യാജ അപ്പീലിലൂടെ മത്സരത്തിനെത്തിച്ചു ജഡ്ജിമാരെ സ്വാധീനിച്ചു ഗ്രേഡ് വാങ്ങുകയാണ് ഇവരുടെ രീതി.

വട്ടപ്പാട്ടിനു മലപ്പുറത്തുനിന്നെത്തിയ അപ്പീല്‍, മത്സരത്തില്‍ വളരെ മോശം നിലവാരം പുലര്‍ത്തിയതായിരുന്നു. ജഡ്ജിമാരെ നിയമിക്കുന്നതില്‍ ഇടപെട്ട ഒരു അധ്യാപക സംഘടനാ നേതാവും സംശയത്തിന്റെ നിഴലിലാണ്. ഇദ്ദേഹത്തെ ചോദ്യം ചെയ്യും. ഇദ്ദേഹം സ്വാധീനിച്ചുവെന്നു സൂചന കിട്ടിയതിനാല്‍ തിരുവനന്തപുരം ജില്ലാ കലോത്സവത്തിലെ 21 ജഡ്ജിമാരെ അവസാന നിമിഷം മാറ്റിയിരുന്നു.

അപ്പീലിനോടൊപ്പം സമര്‍പ്പിച്ച രേഖ വ്യാജമാണെന്ന് ആദ്യം കണ്ടെത്തിയതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരാണ്. വിവരം ഉടന്‍ ഡിപിഐക്കു കൈമാറി. മുഖ്യമന്ത്രിയുടെ ഓഫിസാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഐജി എസ്.ശ്രീജിത്തിനും എസ്പി പി.എന്‍. ഉണ്ണിരാജയ്ക്കുമായിരുന്നു അന്വേഷണച്ചുമതല.

സംസ്ഥാന വ്യാപകമായി ഇവര്‍ക്കു ശൃഖംലയുണ്ടെന്ന് ഐജി പറഞ്ഞു. 8000 മുതല്‍ 20,000 രൂപയാണ് ഓരോ അപ്പീലിനും വാങ്ങിയത്. ബാലാവകാശ കമ്മിഷന്‍ രേഖയാണെന്നു വിശ്വസിച്ചാണു രക്ഷിതാക്കള്‍ പണം നല്‍കിയിരിക്കുന്നത്. മലപ്പുറത്തുനിന്നു വട്ടപ്പാട്ട് മത്സരത്തില്‍ ഡിപിഐക്ക് അപ്പീല്‍ നല്‍കിയപ്പോള്‍ സമര്‍പ്പിച്ച രേഖയാണു വ്യാജമാണെന്ന് ആദ്യം കണ്ടെത്തിയത്.

തുടര്‍ന്നു തൃശൂരില്‍നിന്നു മൂന്നും മലപ്പുറത്തുനിന്ന് ഒന്നും വ്യാജമാണെന്നു വ്യക്തമായി. 12 അപ്പീലുകളെങ്കിലും വ്യാജരേഖയുടെ ബലത്തിലാണു വന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍നിന്നു നൃത്ത ഇനങ്ങളില്‍ മത്സരിച്ചവരുടെ രണ്ട് അപ്പീലുകള്‍ക്കൊപ്പം നല്‍കിയ രേഖ വ്യാജമാണെന്ന് ആദ്യം ഉദ്യോഗസ്ഥര്‍ പറഞ്ഞുവെങ്കിലും അവര്‍ അപ്പീല്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഈ രണ്ട് അമ്മമാരില്‍നിന്നും ഇന്നലെ ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചു.