നിയമ ലംഘകരെ സഹായിച്ചു: സൗദിയില്‍ 745 പ്രവാസികള്‍ അറസ്റ്റില്‍

single-img
10 January 2018

സൗദി അറേബ്യയില്‍ നിയമ ലംഘകരെ സഹായിച്ച 745 വിദേശികളെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബര്‍ 15ന് പൊതുമാപ്പ് അവസാനിച്ചതിന് ശേഷം ഇഖാമ, തൊഴില്‍ നിയമ ലംഘകരെ സഹായിച്ചവരെയാണ് സുരക്ഷാ വകുപ്പ് കസ്റ്റഡിയിലെടുത്തത്.

നിയമ ലംഘകരെ സഹായിച്ചതിന് 745 വിദേശികളെയും 122 സ്വദേശികളെയും കസ്റ്റഡിയിലെടുത്തു. പൊതുമാപ്പ് കഴിഞ്ഞ് ഏഴ് ആഴ്ചക്കിടെ 3.61 ലക്ഷം നിയമ ലംഘകരെ പിടികൂടിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവരില്‍ 2.17 ലക്ഷം ഇഖാമ നിയമ ലംഘകരും 1.02 ലക്ഷം തൊഴില്‍ നിയമ ലംഘകരുമാണ്.

ഇതിനിടെ, അതിര്‍ത്തിവഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച 4,758 പേരെ അതിര്‍ത്തി രക്ഷാസേന പിടകൂടി. യെമന്‍, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുളളവരാണ് പിടിയിലായത്. കാലാവധിയുളള പാസ്‌പോര്‍ട്ട് കൈവശമുളള നിയമ ലംഘകരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കുന്നത് തുടരുകയാണ്.

57,440 നിയമ ലംഘകര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചു. യാത്രാ രേഖകളില്ലാത്ത 49,190 പേര്‍ക്ക് പാസ്‌പോര്‍ട്ട് നേടുന്നതിന് ബന്ധപ്പെട്ട എംബസികളുമായി ഏകോപനം നടത്തുന്നുണ്ട്. 58,000 പേര്‍ക്ക് എയര്‍ ടിക്കറ്റ് ബുക്കുചെയ്യുന്നതിനുളള നടപടികളും ആരംഭിച്ചിട്ടുണ്ട്.