ജോയ് ആലുക്കാസിന്റെ ജ്വല്ലറികളിലും ഓഫീസുകളിലും റെയ്ഡ്

single-img
10 January 2018

ജോയ് ആലുക്കാസിന്റെ ജ്വല്ലറികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ രാജ്യവ്യാപക റെയ്ഡ്. ജോയ് ആലുക്കാസിന് കീഴിലുള്ള 133 ജുവല്ലറികളിലാണ് നൂറ് കണക്കിന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്.

ഇന്ന് രാവിലെ മുതല്‍ പരിശോധന തുടങ്ങിയതോടെ മിക്ക ജുവല്ലറികളും ഷട്ടര്‍ അടച്ചിട്ടിരിക്കുകയാണ്. ജീവനക്കാരെ അകത്ത് പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, പുതുച്ചേരി, തിരുനെല്‍വേലി എന്നിങ്ങനെ പത്ത് ഇടങ്ങളിലെ ജൂവലറികളിലാണ് റെയ്ഡ്.

തമിഴ്‌നാട്ടില്‍ നടക്കുന്ന റെയ്ഡുകള്‍ക്ക് കേരളത്തില്‍ നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് നേതൃത്വം കൊടുക്കുന്നത്. തമിഴ്‌നാട്ടിലെ ഐ ടി വകുപ്പുദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. എണ്‍പതോളം വരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരടങ്ങിയ ടീമാണ് റെയ്ഡ് നടത്തുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ആദായനികുതി രേഖകളിലെ പൊരുത്തക്കേടുകളാണ് പ്രധാനമായും അന്വേഷിയ്ക്കുന്നത്. ഈ കാലയളവില്‍ ജോയ് ആലുക്കാസ് ഗ്രൂപ്പ് നടത്തിയ ഇടപാടുകളും അന്വേഷണവിധേയമാകും. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഗുജറാത്ത്, ഹരിയാന ഷോ റൂമുകളിലും പരിശോധനകള്‍ നടത്തുന്നുണ്ട്.

വലിയ തോതില്‍ ജുവല്ലറി വില്‍പ്പന ജോയ് ആലുക്കാസില്‍ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യം കണക്കില്‍ കാണിക്കുന്നില്ലെന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന നടക്കുന്നത്. ജോയ് ആലുക്കാസ് കൂടാതെ മറ്റു വന്‍കിട സ്ഥാപനങ്ങളിലും ഇന്‍കംടാക്‌സ് പരിശോധന നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം.