കസബയിലെ സ്ത്രീവിരുദ്ധ സംഭാഷണം ക്രിമിനൽ കുറ്റമെന്ന് വൈശാഖൻ

single-img
9 January 2018

വൈശാഖന്‍കസബയുടെ സംവിധായകനെയും സംഭാഷണം പറഞ്ഞ നടനെയും ചോദ്യംചെയ്യാതെ, ഇതിനെ വിമര്‍ശിച്ച നടി പാര്‍വതിയെ സമൂഹം ചോദ്യംചെയ്യുന്നത് ശരിയല്ലെന്ന് എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖന്‍. കസബ സിനിമയുടെ സംഭാഷണം എഴുതിയ വ്യക്തി സാംസ്‌കാരിക കേരളത്തോട് ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യ സമ്മേളനം ഉദ്ഘാടനംചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധൈര്യപൂര്‍വം പ്രതികരിച്ച നടി പാര്‍വതി മലയാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ചയാണ്. സാഹിത്യം ചെയ്യേണ്ട ധര്‍മമാണ് പാര്‍വതി ചെയ്തതെന്നും വൈശാഖന്‍ പറഞ്ഞു. താരാരാധന മാനസികരോഗമാണെന്നും അവര്‍ ചിന്തയെ പണയംവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ താരം ജയിലിൽ നിന്നിറങ്ങുമ്പോൾ ലഡു വിതരണം നടത്തുന്നവരാണു താരാരാധകരെന്ന് അദ്ദേഹം നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

പുതിയ കാലഘട്ടത്തില്‍ ജാതി-മത വര്‍ഗീയതയ്‌ക്കെതിരേ സാഹിത്യം പ്രതിരോധമാക്കണം. മലയാളിയുടെ സംസ്‌കാരത്തെ രൂപവത്കരിക്കുന്നത് സാഹിത്യമാണ്. സമൂഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന സാംസ്‌കാരിക അപചയത്തെ നേരിടാന്‍ സാഹിത്യം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍ അധ്യക്ഷനായ ചടങ്ങിൽ ഡോ. ഖദീജ മുംതാസ്, അശോകന്‍ ചരുവില്‍, ഡോ. പി.വി. കൃഷ്ണന്‍ നായര്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, അഷ്ടമൂര്‍ത്തി, ഡോ. എന്‍.ഐ. സുധീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.