ഇന്ത്യക്കാര്‍ക്ക് ആശ്വാസം; വിസ നയങ്ങളില്‍ അയഞ്ഞ് ട്രംപ് ഭരണകൂടം

single-img
9 January 2018

എച്ച് വണ്‍ ബി വിസയിലെ നിയമപരിഷ്‌കാരം നിര്‍ത്തിവെക്കാനുള്ള തീരുമാനവുമായി അമേരിക്ക. എച്ച് വണ്‍ ബി വിസയ്ക്ക് തല്‍ക്കാലം നിയന്ത്രണമേര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. വിസ കാലാവധി അവസാനിക്കുന്നവര്‍ രാജ്യം വിടേണ്ടിവരില്ലെന്നും അമേരിക്കന്‍ പൗരത്വ, ഇമിഗ്രേഷന്‍ സേവന വിഭാഗം വ്യക്തമാക്കി.

എച്ച് വണ്‍ ബി വിസയുടെ കാലാവധി കഴിയുന്നതോടെ രാജ്യത്തിന് പുറത്ത് പോകാന്‍ നിര്‍ബന്ധിതരായവര്‍ക്ക് ആശ്വാസമാണ് അമേരിക്കയുടെ തീരുമാനം. വിസയില്‍ ട്രംപ് കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ ഗൂഗിളും ഫേയ്‌സ്ബുക്കും പോലുള്ള വമ്പന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ നിയമ പരിഷ്‌കാരം നിര്‍ത്തിവെക്കാന്‍ അമേരിക്ക തീരുമാനിച്ചത് ഐടി കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കും പ്രതീക്ഷയേകുന്നതാണ്.

പൗരത്വ നിയമത്തിലെ നൂറ്റിനാലാം വകുപ്പില്‍ ഉടന്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരെ നിയമിച്ചിരിക്കുന്ന വിവിധ കമ്പനികളെയും സ്ഥാപനങ്ങളെയും പ്രതിസന്ധിയില്‍ ആക്കുമെന്നതിനാലാണ് ഇതെന്നും യുഎസ്സിഐഎസ് വ്യക്തമാക്കി.

എന്നാല്‍, അമേരിക്കന്‍ നിയമനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന ട്രംപിന്റെ പ്രഖ്യാപിത നയവുമായി മുന്നോട്ടുപോകുകയാണെന്നും ഏജന്‍സി അറിയിച്ചു. എച്ച് വണ്‍ ബി വിസക്കാരുടെ സംഘടനയായ ഇമിഗ്രേഷന്‍ വോയ്‌സ് തീരുമാനത്തെ സ്വാഗതം ചെയ്തു.

നിലവില്‍ മൂന്നുവര്‍ഷമാണ് എച്ച് വണ്‍ബി വിസയുടെ കാലാവധി. ഇത് മൂന്നുവര്‍ഷം കൂടി നീട്ടിക്കിട്ടും. ഇതിനുശേഷം അമേരിക്കന്‍ പൗരത്വമായ ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതുവരെ അമേരിക്കയില്‍ തുടരുകയും ചെയ്യാം.

ഈ ഇളവ് എടുത്തുകളയുന്നതോടെ പത്തുലക്ഷം ഇന്ത്യക്കാര്‍ക്കെങ്കിലും മടങ്ങി പോരേണ്ടിവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. യുഎസ് കമ്പനികളുമായി പുറംജോലി കരാറുള്ള ഇന്ത്യന്‍ കമ്പനികള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയുമും ഉണ്ടാകുമായിരുന്നു.