തിയറ്ററുകളിൽ ദേശീയഗാനം വേണ്ട : ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീം കോടതി

single-img
9 January 2018

തിയറ്ററുകളിൽ ദേശീയഗാനംസിനിമ തുടങ്ങുന്നതിനു മുൻപായി തിയറ്ററുകളിൽ  ദേശീയഗാനം കേൾപ്പിക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീം കോടതി. ഉത്തരവ്  തൽക്കാലത്തെയ്ക്ക് പിൻവലിക്കണമെന്ന് സുപ്രീം കോടതിയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിനു പിന്നാലെയാണു നടപടി.

പുതിയ ഉത്തരവ് പ്രകാരം തിയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കണമെന്ന് നിർബ്ബന്ധമില്ല. ഇക്കാര്യത്തിൽ തിയറ്റർ ഉടമകൾക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടതി ഉത്തരവിട്ടു.

ഇതുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതിനായി ആറുമാസം വേണ്ടി വരുമെന്നും കേന്ദ്രം സത്യവാങ്മൂലം നല്‍കിയിരുന്നു.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി ദീപക് കുമാർ ആണു കേന്ദ്രസർക്കാരിനു വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. സർക്കാർ ചട്ടം രൂപീകരിക്കുന്നതുവരെ ഈ വിഷയത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് തൽക്കാലത്തേയ്ക്ക് പിൻവലിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.

2016 നവംബര്‍ 30-നാണ് രാജ്യത്തെ തീയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ആദരവ് പ്രകടിപ്പിച്ച് കൊണ്ട് സിനിമ കാണാനെത്തിയവര്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവുപ്പിച്ചത്.

ജസ്റ്റിസ് ദീപക് മിശ്ര തന്നെ തലവനായ മൂന്നംഗ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ഇതിനെതിരെ വ്യാപക പ്രതിഷേധ ഉയര്‍ന്നിരുന്നെങ്കിലും ഉത്തരവ് റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.