മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന കേസിലെ പരാതിക്കാരിയായ സാന്ദ്രാ തോമസ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

single-img
9 January 2018

കൊച്ചി: മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന കേസിലെ പരാതിക്കാരി മറ്റൊരു കേസില്‍ അറസ്റ്റില്‍. കൊച്ചി സ്വദേശിനി സാന്ദ്ര തോമസിനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കില്‍ പണയത്തിലുള്ള വീട് മറ്റൊരാള്‍ക്ക് വീണ്ടും പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് തൊട്ടുപിന്നാലെ എറണാകുളം ജില്ലയിലെ സിപിഎമ്മിനെ പിടിച്ചുലച്ച കേസുകളില്‍ പ്രധാനപ്പെട്ട ഒന്നിലെ പരാതിക്കാരിയായിരുന്നു സാന്ദ്രാ തോമസ്. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന് ഡിവൈഎഫ്‌ഐ നേതാവിനെതിരെ സാന്ദ്ര ഉന്നയിച്ച പരാതിയുടെ സ്വഭാവം കൊണ്ടുതന്നെ നടപടി വേഗത്തിലായിരുന്നു.

കറുകപ്പള്ളി സിദ്ദിഖ് അടക്കമുള്ളവര്‍ അറസ്റ്റിലായെങ്കിലും ഇവരുടെ ജാമ്യാപേക്ഷയുടെ ഉത്തരവില്‍ പരാതിക്കാരിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് ശേഷം ഹൈക്കോടതിക്ക് മുന്നിലെത്തിയ മറ്റൊരു പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടതിലാണ് ഇപ്പോള്‍ സാന്ദ്രയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

എറണാകുളം സ്വദേശി കുഞ്ഞുമൊയ്തീനാണ് സാന്ദ്രയുടെ തട്ടിപ്പിനിരയായത്. വടുതല തട്ടായം റോഡിലെ സാന്ദ്രയുടെ വീട് 10 ലക്ഷം രൂപയ്ക്കാണ് കുഞ്ഞുമൊയ്തീന് പണയത്തിന് നല്‍കിയത്. ഇദ്ദേഹം വീട്ടില്‍ താമസമാക്കി ദിവസങ്ങള്‍ക്കം ബാങ്ക് അധികൃതര്‍ എത്തി ഒഴിപ്പിച്ചു.

ബാങ്കില്‍ നിന്ന് സാന്ദ്ര ഇതേ വീടിന് 2 കോടി ലോണെടുത്തിട്ടുണ്ടെന്ന് കുഞ്ഞുമൊയ്തീന്‍ അറിയുന്നത് അപ്പോഴാണ്. തുടര്‍ന്ന് യുവതി തന്നെ കബളിപ്പിച്ചെന്ന പരാതിയുമായി കോടതിയെ സമീപിച്ചു. കൊച്ചി നോര്‍ത്ത് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സാന്ദ്ര തോമസിനെ അറസ്റ്റ് ചെയ്തത്.

അതേസമയം സാന്ദ്രയെ അറസ്റ്റ് ചെയ്തതറിഞ്ഞ് തട്ടിപ്പിനിരയായ പലരും സ്റ്റേഷനിലെത്തിയിരുന്നു. ഇവരും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് സാന്ദ്രയെ പിടികൂടിയത്.

നികുതിവെട്ടിപ്പും അനധികൃത സമ്പാദ്യവും സംബന്ധിച്ച് സാന്ദ്രാ തോമസിനെതിരെ മുന്‍പുണ്ടായ പരാതികളില്‍ ഡിആര്‍ഐ അടക്കം കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചുവെന്ന് സാന്ദ്ര മുന്‍പ് ഉന്നയിച്ച പരാതിയില്‍ കൂടുതല്‍ അന്വേഷണവും ഇപ്പോള്‍ നടക്കുന്നുണ്ട്.