മുതലാളിയുടെ തോട്ടത്തിലെ ഉണക്കാനിട്ട റബര്‍ ഷീറ്റുകള്‍ നോക്കി അടിച്ചുമാറ്റും: ഒടുവില്‍ പ്രതികള്‍ കുടുങ്ങി

single-img
9 January 2018

കണ്ണൂര്‍ ചുഴലി കൊളത്തൂരില്‍ റബര്‍ എസ്റ്റേറ്റില്‍ സൂക്ഷിച്ച അരക്വിന്റല്‍ റബര്‍ ഷീറ്റുകള്‍ കവര്‍ന്ന കേസില്‍ തൊഴിലാളികള്‍ അറസ്റ്റിലായി. ഒന്നാം പ്രതിയുടെ കൂട്ടുപ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കൊളത്തൂരിലെ മാടവളപ്പില്‍ ഷിജിലാണ് തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങിയത്.

ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകണ്ഠപുരം എസ് ഐ ടി.പി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഇയാള്‍ക്കായി കൊളത്തൂരിലെ വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നെങ്കിലും വീട് പൂട്ടി ഇയാള്‍ മുങ്ങുകയായിരുന്നു.

കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ക്കായി അന്വേഷണം വ്യാപകമാക്കിയതോടെയാണ് കോടതിയില്‍ കീഴടങ്ങിയത്. പ്രധാന പ്രതി ചുഴലിയിലെ കിഴക്കേപ്പുരയില്‍ മധുവിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇരുവരും റബര്‍ ഷീറ്റടിക്കുന്ന തൊഴിലാളികളായിരുന്നു. പന്നിയൂരിലെ കേളോത്ത് വളപ്പില്‍ സിദ്ദീഖ് ഹാജിയുടെ ഉടമസ്ഥതയിലുള്ള എസ്‌റ്റേറ്റിലാണ് കഴിഞ്ഞ വ്യാഴാഴ്ച്ച കവര്‍ച്ച നടന്നത്. തോട്ടത്തില്‍ ഉണക്കാനിട്ട ഷീറ്റുകള്‍ എസ്റ്റേറ്റിലെ മെഷീനില്‍ പതിവായി റബര്‍ ഷീറ്റടിക്കാന്‍ എത്തുന്ന ഇരുവരും ചേര്‍ന്ന് കവരുകയായിരുന്നു. മധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ ഷിജില്‍ മുങ്ങുകയായിരുന്നു.