ഗുരുത്വാകര്‍ഷണ നിയമം ആവിഷ്‌കരിച്ചത് ന്യൂട്ടനല്ല ബ്രഹ്മഗുപ്തനെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി

single-img
9 January 2018

ഗുരുത്വാകര്‍ഷണ നിയമംഗുരുത്വാകര്‍ഷണ നിയമം ആവിഷ്കരിച്ചത് ഐസക് ന്യൂട്ടൻ അല്ലെന്നും അദ്ദേഹം ജനിക്കുന്നതിനും ആയിരം കൊല്ലം മുൻപ് ജീവിച്ചിരുന്ന ബ്രഹ്മഗുപ്തൻ രണ്ടാമൻ ആണെന്നും രാ‍ജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി. രാജസ്ഥാനിലെ പ്രൈമറി-സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി വസുദേവ് ദേവ്നാനി ആണു പുതിയ വാദവുമായി എത്തിയത്. രാജസ്ഥാൻ സർവ്വകലാശാലയുടെ 72-ആം സ്ഥാപകദിനാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് ഇദ്ദേഹം ഇത്തരമൊരു വാദം ഉന്നയിച്ചത്.

“കുറച്ചു ദിവസങ്ങൾക്ക് മുന്നേ ഞാൻ ന്യൂട്ടണേക്കുറിച്ച് വായിക്കാനിടയായി. ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമം ആരാണു ആവിഷ്കരിച്ചത്? ന്യൂട്ടൺ എന്നാണു എനിക്ക് കിട്ടിയ ഉത്തരം. ഞാനും നിങ്ങളുമെല്ലാം വായിച്ചു മനസ്സിലാക്കിയിട്ടുള്ളത് അതു തന്നെയാണു. എന്നാൽ ഇക്കാര്യം ആഴത്തിൽ പഠിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ന്യൂട്ടനേക്കാൾ 1000 കൊല്ലം മുന്നേ ജീവിച്ചിരുന്ന ബ്രഹ്മഗുപ്തൻ രണ്ടാമൻ ആണു ഗുരുത്വാകര്‍ഷണ നിയമം ആവിഷ്കരിച്ചത് എന്നാണു.”  ദേവ്നാനി പറഞ്ഞു.

Read Also: യോഗിയും സിദ്ദരാമയ്യയും തമ്മിൽ ട്വിറ്ററിൽ നേർക്കു നേർ പോരാട്ടം

ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ഗണിതജ്ഞനാണ് ബ്രഹ്മഗുപ്തൻ. പൂജ്യമുപയോഗിച്ചുള്ള ക്രിയകൾക്ക്‌ ആദ്യമായി നിയമങ്ങളുണ്ടാക്കിയ ഇദ്ദേഹം ഗണിതശസ്ത്രത്തിനു നിരവധി സംഭാവനകൾ നൽകുകയും ജ്യോതിശാസ്ത്രത്തിൽ പല നിരീക്ഷണങ്ങളും നടത്തുകയും ചെയ്തിട്ടുണ്ട്.

എന്നാൽ മന്ത്രി അവകാശപ്പെട്ടതുപോലെ ഇദ്ദേഹം ഗുരുത്വാകര്‍ഷണ നിയമം ആവിഷ്കരിച്ചു എന്നതിനു യാതൊരു ആധികാരിക രേഖകളും നിലവിലില്ല.

എന്നാൽ കുറഞ്ഞപക്ഷം രാജസ്ഥാനിലെങ്കിലും പാഠപുസ്തകങ്ങള്‍ ഇത്തരം അറിവുകള്‍ക്കനുസരിച്ച് പരിഷ്‌കരിക്കണമെന്നാണു മന്ത്രി അഭിപ്രായപ്പെട്ടത്. സാങ്കേതികവിദ്യ വികസിപ്പിച്ചത് പിന്നീടുവന്ന ആധുനിക ശാസ്ത്രജ്ഞരാകാം. പക്ഷേ അത്തരം പാഠഭാഗങ്ങൾ ഇന്ത്യയ്ക്ക് അനുയോജ്യമായ രീതിയിൽ വേണം അവതരിപ്പിക്കുവാനെന്നും മന്ത്രി പറഞ്ഞു.

വര്‍ഷങ്ങളായി അക്ബര്‍ ആണ് മഹാനായ ഭരണാധികാരി എന്നാണ് നാം പഠിച്ചും പഠിപ്പിച്ചും വന്നതെന്നും എന്നാൽ നിലവിലെ ബിജെപി സർക്കാർ രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍നിന്ന് അക്ബറിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ എടുത്തുകളഞ്ഞ് പകരം മഹാറാണ പ്രതാപിനെ ഉള്‍പ്പെടുത്തുകയും ചെയ്തതായും അദ്ദേഹം ഓർമ്മിപ്പിച്ചു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന തരത്തിലുള്ള ദേശവിരുദ്ധമായ പ്രക്ഷോഭങ്ങള്‍ രാജസ്ഥാനിലെ സര്‍വകലാശാലകളില്‍ ഉണ്ടാകാന്‍ പാടില്ലെന്നും രാജസ്ഥാനില്‍ ഒരു കനയ്യകുമാറും ജനിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇതിനു മുൻപും അടിസ്ഥാനരഹിതമായ വാദങ്ങളുന്നയിച്ച് വിവാദങ്ങൾ സൃഷ്ടിച്ച് ഖ്യാതി നേടിയിട്ടുള്ളയാളാണു വസുദേവ് ദേവ്നാനി.  ഓക്സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശുവെന്ന് പറഞ്ഞത് ഇദ്ദേഹമാണു. ജലദോഷം ചുമ തുടങ്ങിയ രോഗങ്ങളുള്ളയാളുകൾ പശുവിനടുത്ത് ചെന്ന് നിന്നാല്‍ രോഗം ഭേദമാകുമെന്നും ചാണകത്തില്‍ ധാരാളം വൈറ്റമിന്‍ -ബി ഉള്ളതിനാൽ റേഡിയോ ആക്റ്റീവ് പദാര്‍ഥങ്ങളെ നിര്‍വ്വീര്യമാക്കാനുള്ള കഴിവ് അതിനുണ്ടെന്നും ദേവ്നാനി പറഞ്ഞിരുന്നു.

1576ല്‍ നടന്ന ഹാല്‍ദിഗാട്ടി യുദ്ധത്തില്‍ ജയിച്ചത് അക്ബറല്ലെന്നും മറിച്ച് റാണാ പ്രതാപ് ആണെന്നുമുള്ള വാദവുമായി വാസുദേവ് ദേവ്നാനി രംഗത്തെത്തിയിരുന്നു. മുഗള്‍ രാജാവായിരുന്ന അക്ബറും മേവാര്‍ ഭരണാധികാരിയായിരുന്ന റാണാ പ്രതാപും തമ്മില്‍ നടന്ന ഹാല്‍ദിഗാട്ടി യുദ്ധത്തില്‍ റാണാ പ്രതാപിനെ അക്ബര്‍ പരാജയപ്പെടുത്തിയെന്നാണ് ആധികാരിക ചരിത്രരേഖകൾ പറയുന്നത്. ഇതനുസരിച്ച്കോളജുകളിലേയും സ്‌കൂളുകളിലേയും ചരിത്ര പുസ്തകങ്ങള്‍ മാറ്റിയെഴുതണമെന്നും വാസുദേവ് ദേവ്നാനി ആവശ്യപ്പെട്ടുവെന്ന് മാത്രമല്ല, പിന്നീട് പാഠപുസ്തകങ്ങളില്‍ ചരിത്രം ഭേദഗതി ചെയ്ത് അക്ബറിനു പകരം റാണാ പ്രതാപിനെ സ്ഥാപിക്കുകയും ചെയ്തു.

രാഷ്ട്രപിതാവായ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നിവരേക്കാള്‍ പ്രാധാന്യം ഹിന്ദുത്വ സൈദ്ധാന്തികനായിരുന്ന സവര്‍ക്കര്‍ക്ക് നല്‍കിക്കൊണ്ട് സ്കൂൾ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് രാജസ്ഥാനിലെ സ്‌കൂളുകളിലെ പാഠപുസ്തകങ്ങള്‍ ഹിന്ദുത്വവത്കരിക്കുന്നതായി വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു.

നെഹ്റുവിനെ കുറിച്ച് 9-ാം ക്ലാസിലെ പുസ്തകത്തില്‍ ധാരാളം പരാമര്‍ശങ്ങളുണ്ടെന്നും എല്ലാ നേതാക്കളെയും എല്ലാ പുസ്തകത്തിലും ഉള്‍പ്പെടത്താനാവില്ലെന്നുമാണ് അന്ന് ഇതിനെ കുറിച്ച് രാജാസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി വാസുദേവ് ദേവ്നാനി പ്രതികരിച്ചത്.