കെ സുരേന്ദ്രന്റെ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയെ ചോദ്യം ചെയ്തു

single-img
9 January 2018

സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ ഒരാള്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

ആലുവയില്‍ ബിജു രാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയെയാണ് താന്‍ ബ്ലാക്ക് മെയിലിങ് എന്നുദ്ദേശിച്ചതെന്ന് അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചു. അതേസമയം ബ്ലാക്ക് മെയില്‍ ചെയ്തത് ആരാണെന്ന് ഉമ്മന്‍ ചാണ്ടി മൊഴിയില്‍ പറഞ്ഞിട്ടില്ല.

ബ്ലാക്ക് മെയിലിങ്ങിന് വിധേയനാകേണ്ടി വന്ന സാഹചര്യത്തെ കുറിച്ചാണ് അന്വേഷണസംഘത്തിനു മുന്നില്‍ ഉമ്മന്‍ ചാണ്ടി വിശദീകരിച്ചത്. മുഖ്യമന്ത്രിയായിരിക്കെ ആലുവ ഗസ്റ്റ്ഹൗസില്‍ വെച്ച് ബിജു രാധാകൃഷ്ണനും വേറൊരാളും തന്നെ വന്നുകണ്ട് മന്ത്രിസഭയിലെ ഒരംഗത്തെ കുറിച്ച് പരാതി പറഞ്ഞിരുന്നു.

കുടുംബജീവതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവര്‍ പറഞ്ഞത്. അതിനാലാണ് അവ പുറത്തുപറയാതിരുന്നത്. അത് പുറത്തുപറഞ്ഞിരുന്നെങ്കില്‍ പിന്നീട് ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരുമായിരുന്നില്ല. അന്ന് ബിജുവിനൊപ്പം വന്നയാളാണ് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ സോളാര്‍ കമ്മീഷന്‍ മുന്‍പാകെ വെളിപ്പെടുത്തിയത്.

ഏറെ വൈകിയായിരുന്നു ഇവ പുറത്തുവന്നത്. എന്നാല്‍ അന്ന് തന്നെ ഇത് പുറത്തുപറഞ്ഞിരുന്നെങ്കില്‍ ഇത്രയും കാലതാമസം ഉണ്ടാകുമായിരുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി അന്ന് പറഞ്ഞത് ഇങ്ങിനെയാണ്.

‘സോളാറുമായി ബന്ധപ്പെട്ട് ഒരുപാടുപേര്‍ ബ്‌ളാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഞാന്‍ നിന്നുകൊടുത്തിട്ടില്ല. എന്തുവന്നാലും സഹിക്കും എന്നാണ് അവരോടൊക്കെ പറഞ്ഞത്. എന്നാല്‍ ഏറ്റവും അടുത്തയാളാണ് അതിന് ശ്രമിച്ചത്. അല്ലാതെ ബുദ്ധിമുട്ടിക്കാന്‍ വന്നവര്‍ അല്ല.

ഒരാളുടെ ബ്‌ളാക് മെയിലിങ്ങിന് മാത്രം ഞാന്‍ വിധേയനായി. ഇന്ന് അതില്‍ ഞാന്‍ ദു:ഖിക്കുന്നു. അത് ഞാന്‍ പിന്നീട് പറയും’ എന്നായിരുന്നു. സുധീരനാണോ അത് എന്ന ചോദ്യത്തിന് സുധീരന്‍ നമ്മുടെ സഹപ്രവര്‍ത്തകനല്ലേ എന്നായിരുന്നു മറുപടി. മാധ്യമപ്രവര്‍ത്തകര്‍ പലതവണ ആവശ്യപ്പെട്ടിട്ടും ആ പേരുപറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല.

മുഖ്യമന്ത്രിയായിരുന്ന വ്യക്തി ബ്‌ളാക് മെയിലിന് നിന്നുകൊടുത്തത് സത്യപ്രതിജ്ഞാലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്.