മദനന്‍ ചേട്ടന്‍ ‘മകള്‍’ ഖദീജയെ അക്ബറിന് കൈപിടിച്ചുകൊടുത്തു: ഈ വിവാഹത്തിന് പിന്നില്‍ അസാധാരണ മനുഷ്യബന്ധങ്ങളുടെ ഒരു കഥയുണ്ട്

single-img
9 January 2018

മതിലകം: പുതിയകാവ് സ്വദേശി വാഴൂര്‍ മദനന്‍ ദത്തെടുത്ത് വളര്‍ത്തിയ ഖദീജയുടെ നിക്കാഹ് നടന്നു. ചെന്ത്രാപ്പിന്നി സ്വദേശി അക്ബറുമായി. മതങ്ങള്‍ക്ക് അപ്പുറത്ത് നില്‍ക്കുന്ന ചില അസാധാരണ മനുഷ്യബന്ധങ്ങളുടെ തീവ്രതയ്ക്ക് സാക്ഷിയായത് അനേകരായിരുന്നു.

ജന്മം കൊണ്ടുള്ള ഖദീജയുടെ അന്യതയെ കര്‍മ്മം കൊണ്ടു മറികടന്നപ്പോള്‍ മഹത്തരമായ മനുഷ്യസ്‌നേഹത്തിന്റെ ആത്മബന്ധം പൂത്തുലഞ്ഞ ഈ വിവാഹം നടന്നത് ചെന്ത്രാപ്പിന്നി ചിറയ്ക്കല്‍ മഹല്ല് മദ്രസ ഹാളിലായിരുന്നു. അക്ബറിന്റെ മണവാട്ടിയായി ഖദീജ പന്തലിലെത്തുമ്പോള്‍ പിതൃവാത്സല്യത്തിന്റെ പൂര്‍ണ്ണതയില്‍ മദനന്‍ ചേട്ടന്‍ കൈപിടിച്ചു. ഒപ്പം മാതാവായി തങ്കമണിയും.

മതിലകം കളരിപറമ്പിലെ വഴൂര്‍ മദനന്റെ കുടുംബത്തിലേക്ക് ഖദീജ കയറിവന്നത് 13ാം വയസ്സിലാണ്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ നിര്‍ധനാവസ്ഥയുടെ പടുകുഴിയില്‍ കഴിഞ്ഞ ഈ കുട്ടിയെ മദനന്‍ ഏറ്റെടുത്ത് സംരക്ഷിക്കുകയായിരുന്നു. ഗള്‍ഫിലെ പാലക്കാട്ടുകാരനായ സുഹൃത്താണ് ഖദീജയുടെ ദൈന്യത്തെക്കുറിച്ച് പറഞ്ഞത്.

പെണ്‍മക്കളില്ലാത്ത മദനനും ഭാര്യ തങ്കമണിയും മകളെപ്പോലെയാണ് ഖദീജയെ വളര്‍ത്തിയത് അവളുടെ വിശ്വാസാചാര പ്രകാരം തന്നെ. നോമ്പു നാളുകളില്‍ അവള്‍ക്കിഷ്ടമുള്ള വിഭവങ്ങളുമായാണ് മദനന്‍ വീട്ടിലെത്തിയിരുന്നത്. വീട്ടില്‍ നമസ്‌കാരത്തിന് പ്രത്യേക സൗകര്യവുമുണ്ട്.

ഖദീജ വിവാഹപ്രായത്തിലേക്ക് കടന്നപ്പോള്‍ ‘പിതാവായി’ നിന്നുകൊണ്ട് അനുയോജ്യനായ വരന് വേണ്ടിയുള്ള അന്വേഷണവും അദ്ദേഹം തുടങ്ങി. അങ്ങനെയാണ് ചെന്ത്രാപ്പിന്നി ചിറക്കല്‍ മഹല്ല് പള്ളിപ്പാടത്ത് അബുവിന്റെ മകന്‍ അക്ബറിന്റെ ജീവിത സഖിയായി ഖദീജ മാറിയത്.

മദനന്റെ താല്‍പര്യപ്രകാരം പുതിയകാവ് ജുമാമസ്ജിദ് ഇമാം ശംസുദ്ദീന്‍ വഹബി കാര്‍മികനും പ്രസിഡന്റ് സെയ്തുമുഹമ്മദ് ഹാജി ഉള്‍പ്പെടെ സാക്ഷികളുമായാണ് വിവാഹ ചടങ്ങ് നടന്നത്. ഖദീജയുടെയും മദനന്റെയും ബന്ധുക്കളും മംഗള കര്‍മത്തിനെത്തി.