നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി

single-img
9 January 2018

നടിയെ ആക്രമിച്ച കേസില്‍ അനുബന്ധകുറ്റപത്രം പോലീസ് ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി. ഈ മാസം 17ലേക്കാണ് വിധി പറയുന്നത് അങ്കമാലി മജിസ്‌ട്രേട്ട് കോടതി മാറ്റിയത്. ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറയുന്നത്.

പോലീസാണ് കുറ്റപത്രം ചോര്‍ത്തിയതെന്നും ഇത് ദുരുദ്ദേശപരമണെന്നും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ദിലീപാണ് കുറ്റപത്രം ചോര്‍ത്തിയതെന്ന നിലപാടിലാണ് പോലീസ്.

കോടതിയില്‍ എത്തും മുമ്പേ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായത് വിവാദമായിരുന്നു. ഡിസംബര്‍ 16 ന് വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് 23 ന് വിധി പറയാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

വാദത്തിനിടെ ദിലീപിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്. ദിലീപ് ഹരിശ്ചന്ദ്രനൊന്നുമല്ലെന്നും കേസിലെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ദിലീപ് തന്നെയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കേസിലെ നിര്‍ണായകമായ സാക്ഷിമൊഴികളും നേരത്തെ പുറത്തുവന്നിരുന്നു. നടിമാരായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ, ഗായിക റിമി ടോമി, നടന്‍മാരായ കുഞ്ചാക്കോ ബോബന്‍, സിദ്ധിഖ് എന്നിവരുടെ മൊളികളാണ് പുറത്തുവന്നത്. ദീലീപും കാവ്യാമാധവനും തമ്മില്‍ അവിഹിതബന്ധം ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് മഞ്ജുവിന്റെയും റിമി ടോമിയുടെയും മൊഴികള്‍.