കണ്ണൂരില്‍ അക്രമങ്ങള്‍ കുറഞ്ഞു: കണക്കു നിരത്തി ഉത്തരമേഖലാ ഡി ജി.പി

single-img
9 January 2018

കണ്ണൂര്‍ ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നതായി പോലീസ്. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനാണ് കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി കണക്കുകള്‍ നിരത്തി പറഞ്ഞത്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 2017 ല്‍ കുറ്റകൃത്യങ്ങള്‍ കുറവാണെന്നു കാണുവാന്‍ സാധിക്കും.

പോലീസ് കൃത്യമായി ജോലി ചെയ്യുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ കൂടിയിട്ടില്ലെന്നതു നല്ല കാര്യമാണ്. ഇന്ത്യയിലെ മികച്ച പോലീസ് സ്റ്റേഷനിലേക്ക് ഉയര്‍ന്ന വളപട്ടണം സ്റ്റേഷന്‍ സംസ്ഥാന പോലീസിന്റെ ഒരുഭാഗം മാത്രമാണ്. എല്ലായിടത്തും പോലീസും സുത്യര്‍ഹമായ സേവനം തന്നെയാണു ചെയ്യുന്നത്. രാഷ്ട്രീയ അക്രമങ്ങളില്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നുണ്ട്.

രാത്രികാല പട്രോളിംഗ് ശക്തമാക്കിയതുകൊണ്ട് അക്രമങ്ങളില്‍ 80 ശതമാനം കുറവുവരുത്താന്‍ സാധിച്ചിട്ടുണ്ട്. ജില്ലയില്‍ അക്രമം തടയാന്‍ മൂന്നു കണ്‍ട്രോള്‍ റൂം തുടങ്ങി. കൂടുതല്‍ പോലീസിനെ ആവശ്യമായി വന്നാല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.

ഉത്സവ സീസണ്‍ ആരംഭിക്കുകയാണ്. ഇവിടെ രാഷ്ട്രീയ സംഘര്‍ഷം ഇല്ലാതാക്കാന്‍ പോലീസ് പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്. കേരളത്തിലെ പോലീസ് കഠിനാധ്വാനം ചെയ്യുന്നവരാണ്. സുത്യര്‍ഹമായ സേവനമാണു നമ്മുടെ പോലീസ് കാഴ്ച വയ്ക്കുന്നത്.

അതേസമയം ഇതര സംസ്ഥാന തൊഴിലാളികളുടെ പേരില്‍ കേസുകള്‍ കൂടി വരുന്നതായി എഡിജിപി പറഞ്ഞു. അക്രമവാസന കൂടിവരുന്നതായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇവരുടെ യഥാര്‍ഥ കണക്കുകള്‍ വ്യക്തമല്ല. കേരളത്തില്‍ ജോലിക്കും മറ്റ് ആവശ്യത്തിനും വരുന്ന ഇതര സംസ്ഥാനക്കാരുടെ വ്യക്തമായ കണക്കുകള്‍ക്കു രജിസ്റ്റര്‍ വയ്ക്കാന്‍ പോലീസ് സ്റ്റേഷനുകള്‍ക്കി കഴിഞ്ഞിട്ടില്ല.

കോഴിക്കോട് ഭിന്നലിംഗക്കാരെ ആക്രമിച്ചവര്‍ക്ക് എതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൗണ്ടര്‍ കേസും എടുക്കും. നിലവില്‍ രണ്ടു കേസുകള്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പോലീസുകാരെക്കുറിച്ചു പറഞ്ഞതു വളരെ വ്യക്തമാണ്. എല്ലാവരും മുഖ്യമന്ത്രി പറഞ്ഞകാര്യം പിന്തുണയ്ക്കുന്നു.

ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട കേസുകളില്‍ എന്‍ഐഎയ്ക്കും സംസ്ഥാന പോലീസിനും വ്യത്യസ്തമായ അന്വേഷണ രീതികളാണുള്ളത്. ഇരുവരും സഹകരിച്ചാണു മുന്നോട്ടു പോകുന്നത്. കണ്ണൂരില്‍ പോലീസിനുമേല്‍ യാതൊരു രാഷ്ട്രീയ സമ്മര്‍ദവും ഇല്ലെന്നും വ്യക്തമായ ദിശയിലാണെന്നും, ചീമേനി കൊലക്കേസ് അന്വേഷണം ഊര്‍ജിതമാക്കിയതായിയും പ്രതികളെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.