ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത സി പി എം പാനൂർ ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

single-img
9 January 2018

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത പാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ.പ്രേമനെ പാർട്ടി ഭാരവാഹിത്തത്തിൽ നിന്നു  പുറത്താക്കിയതായി സിപിഎം ഏരിയാ നേതൃത്വം അറിയിച്ചു. രാഷ്ട്രീയ നയവ്യതിയാനത്തിന്റെ പേരിലാണു പ്രേമനെ പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കിയത്.

ആർഎസ്എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ പാനൂർ ഓഫിസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂർ യുപി സ്കൂളിൽ നടന്ന പരിപാടിയിലാണ് ഈ മാസം മൂന്നിനു പ്രേമൻ പങ്കെടുത്തത്. പാനൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം തുടരുന്നതിനിടെ ആര്‍.എസ്.എസ് പരിപാടിയില്‍  പങ്കെടുത്ത സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ നടപടി ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

ഏതാനും വർഷം മുമ്പ് പാനൂർ പഞ്ചായത്ത് കോൺഗ്രസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം വന്നപ്പോൾ യു.ഡി.എഫിനെ പരാജയപ്പെടുത്താൻ സി.പി.എമ്മും ബി.ജെ.പിയും ഒത്തുചേർന്നു പ്രവർത്തിച്ച സംഭവത്തിൽ അന്നു പഞ്ചായത്ത് അംഗവും ലോക്കൽ സെക്രട്ടറിയുമായിരുന്ന കെ.കെ.പ്രേമനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു.

പ്രേമനെതിരെ നടപടിയെടുത്ത കാര്യം സി പി എം കണ്ണൂർ ജില്ലാക്കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജിലും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

രാഷ്ട്രീയ നയ വ്യതിയാനത്തിന്റെ പേരിൽ സിപിഐ(എം) പാനൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി കെ കെ പ്രേമനെ പാർട്ടിയിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കിയതായി അറിയിക്കുന്നു.

Posted by CPIM Kannur on Tuesday, January 9, 2018