മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് ഓഖി ഫണ്ടിൽ നിന്ന് പണമെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി

single-img
9 January 2018

ഓഖിമുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശയാത്രയ്ക്ക് ഓഖി ദുരിതാശ്വാസഫണ്ടിൽ നിന്നും പണം വകമാറ്റി ചെലവഴിക്കാനുള്ള റവന്യൂ അഡീഷണൽ സെക്രട്ടറിയുടെ വിവാദ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് റദ്ദാക്കി.

ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ കാണാന്‍ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ സഞ്ചരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തുക അനുവദിച്ചത്. തൃശൂരിലെ പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്കും അവിടെ നിന്ന് തിരികെ പാര്‍ട്ടി സമ്മേളന വേദിയിലേക്കും മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് എട്ട് ലക്ഷം രൂപയാണ് ചിലവായത്.

ഡിസംബര്‍ 26ന് നടന്ന തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു മുഖ്യമന്ത്രി. അന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത്  ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ചയിലും മന്ത്രിസഭാ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്നു. നാട്ടികയിലെ സ്വകാര്യ ഹെലിപാഡില്‍ നിന്നായിരുന്നു മുഖ്യമന്ത്രി തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടത്. തുടര്‍ന്ന് അന്ന് വൈകിട്ട് തന്നെ മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളന വേദിയിലേക്ക് തിരിച്ചു പോയി.

തിരുവനന്തപുരം ജില്ലാകലക്ടറുടെ കീഴിലുള്ള ദുരന്തനിവാരണഫണ്ടില്‍നിന്നാണ് എട്ട് ലക്ഷം രൂപ ഹെലിക്കോപ്റ്റര്‍യാത്രക്കായി അനുവദിച്ചത്.  കഴിഞ്ഞ ആറിന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എം കുര്യന്‍ ആണ് പണം നല്‍കുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്. 13 ലക്ഷം രൂപയാണ് ഹെലിക്കോപ്റ്റര്‍ വാടകയായി സ്വകാര്യകമ്പനി ആവശ്യപ്പെട്ടതെന്നും എന്നാല്‍ വിലപേശി തുക എട്ട് ലക്ഷമായി കുറക്കുകയായിരുന്നെന്നും ഉത്തരവ് പറയുന്നു.  ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്സൺ എന്ന സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്.

സാധാരണ മുഖ്യമന്ത്രിയുടെ വിമാനയാത്രയടക്കമുള്ള യാത്രാച്ചെലവ് പൊതുഭരണ വകുപ്പാണ് നല്‍കുന്നത്. എന്നാല്‍ പണം ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ചെലവഴിച്ചത് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.