യോഗിയും സിദ്ദരാമയ്യയും തമ്മിൽ ട്വിറ്ററിൽ നേർക്കു നേർ പോരാട്ടം

single-img
8 January 2018

സിദ്ദരാമയ്യഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കർണ്ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയും തമ്മിൽ ട്വിറ്ററിൽ നേർക്കുനേർ പോരാട്ടം. യോഗിയുടെ ബംഗളൂരു  സന്ദർശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ട്വിറ്ററിൽ രണ്ടുപേരും ഏറ്റുമുട്ടിയത്. രണ്ടുപേരും തമ്മിലുള്ള വാക്പോര് ഒടുവിൽ ബി ജെ പി-കോൺഗ്രസ്സ് പാർട്ടികളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഏറ്റെടുത്തതോടെ ട്വിറ്റർ രാഷ്ട്രീയ പോരാട്ടത്തിന്റെ വേദിയായി മാറുകയായിരുന്നു.

ഇന്നലെ വൈകുന്നേരമാണു യോഗി ആദിത്യനാഥ് ബംഗളൂരുവിൽ എത്തുന്നത്. കർണ്ണാടകയിൽ ബിജെപി സംഘടിപ്പിക്കുന്ന പരിവർത്തൻ റാലിയെ അഭിസംബോധന ചെയ്യുവാനാണു യോഗി ബംഗളൂരുവിലെത്തിയത്. ബംഗളൂരു എയർപോർട്ടിൽ ഇറങ്ങിയ ഉടൻ സിദ്ദരാമയ്യ യോഗിയ്ക്ക് സ്വാഗതമോതിക്കൊണ്ട് ട്വീറ്റ് ചെയ്തതിങ്ങനെ:

“ നമ്മുടെ സംസ്ഥാനത്തെത്തിയ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു സ്വാഗതം. ഞങ്ങളിൽ നിന്നും അങ്ങേയ്ക്ക്  ധാരാ‍ളം കാര്യങ്ങൾ പഠിക്കുവാൻ സാധിക്കും സാർ. ഇവിടെയുണ്ടായിരിക്കുന്ന സമയം ദയവായി ഒരു ഇന്ദിരാ കാന്റീനും റേഷൻ കടയും സന്ദർശിക്കുക. താങ്കളുടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന പട്ടിണിമരണങ്ങളെ നേരിടാൻ അത് ഒരുപക്ഷേ താങ്കളെ സഹായിച്ചേക്കും.”

വരുമാനം കുറഞ്ഞയാളുകൾക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകുക എന്ന ഉദ്ദേശത്തോടെ തമിഴ്നാട്ടിലെ അമ്മ കാന്റീനുകളുടെ മാതൃകയിൽ സിദ്ദരാമയ്യ സർക്കാർ കൊണ്ടുവന്ന പദ്ധതിയാണു ഇന്ദിര കാന്റീൻ. വൃത്തിയുള്ളതും നിലവാരമുള്ളതുമായ ഭക്ഷണം വളരെ കുറഞ്ഞ വിലയ്ക്ക് ഈ കാന്റീനുകളിൽ ലഭ്യമാകും. അഞ്ചു രൂപയ്ക്ക് പ്രഭാതഭക്ഷണവും പത്തുരൂപയ്ക്ക് ഉച്ചഭക്ഷണവും അത്താഴവും ലഭിക്കുന്ന ഈ കാന്റീനുകൾ നിലവിൽ ബംഗളൂരു സിറ്റിയിൽ മാത്രമാണുള്ളത്.

എന്നാൽ കുറച്ചു സമയത്തിനുള്ളിൽ യോഗി മറ്റൊരു ട്വീറ്റിലൂടെ തിരിച്ചടിച്ചു:

“സ്വാഗതത്തിനു നന്ദി സിദ്ദരാമയ്യാജി. താങ്കളുടെ കാലത്ത് കർഷക ആത്മഹത്യകളുടെ എണ്ണം ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്നതാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. നിരവധി സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മരണങ്ങളും സ്ഥലം മാറ്റങ്ങളും ഞാൻ പ്രത്യേകം പരാമർശിക്കുന്നില്ല. താങ്കളുടെ  കൂട്ടുകക്ഷികൾ ഭരിച്ച കാലത്ത് നടമാടിയിരുന്ന നിയമവാഴ്ചയില്ലായ്മയും ദുരിതങ്ങളും ഇല്ലാതാക്കുവാനാണു ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്”

യോഗിയുടെ ഉത്തർപ്രദേശ് കുറ്റകൃത്യങ്ങളുടെ കണക്കിൽ രാജ്യത്ത് ഒന്നാമതാണെന്ന നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ രേഖകളുമായി കർണാടക കോൺഗ്രസ്സിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും എത്തിയതോടെ പോരാട്ടം മുറുകി.

കർണാടക കോൺഗ്രസ്സിനു മറുപടിയുമായി കർണ്ണാടക ബിജെപിയുടെ ട്വിറ്റർ ഹാൻഡിൽ എത്തി. യു പി എ സർക്കാരിന്റെ കൂട്ടുകക്ഷികളായിരുന്ന എസ് പിയും ബി എസ് പിയും വർഷങ്ങളോളം ഭരിച്ചതിന്റെ പരിണിതഫലമാണു ഈ കുറ്റകൃത്യങ്ങളെന്നും യോഗി ഭരിക്കാൻ തുടങ്ങിയിട്ടു പത്തുമാസമേ ആയിട്ടുള്ളൂ എന്നുമായിരുന്നു അവരുടെ വിശദീകരണം.

ഉടൻ തന്നെ ഉത്തർ പ്രദേശ് കോൺഗ്രസ്സിന്റെ (@INCUttarPradesh) ട്വിറ്റർ ഹാൻഡിലും രംഗത്തെത്തി. “ നിങ്ങൾ ആരെയാണു കബളിപ്പിക്കാൻ നോക്കുന്നത്? ഇവിടെ നിയമവാഴ്ചയുടെ  അവസ്ഥ എന്താണെന്നു ഇവിടെ ഇപ്പോൾ ജീവിക്കുന്ന ഞങ്ങൾക്കറിയാം. 2017-ൽ ഇവിടെ നടന്ന ബലാത്സംഗങ്ങളുടേയും കൊലപാതകങ്ങളുടേയും കൊള്ളകളുടേയും പട്ടിക ഞങ്ങൾ ഇവിടെ ഇടണോ?” എന്നായിരുന്നു ഉത്തർപ്രദേശ് കോൺഗ്രസ്സിന്റെ ചോദ്യം.

വാദപ്രതിവാദങ്ങളുമായി രണ്ടുകൂട്ടരും ട്വിറ്ററിൽ പോരു തുടരുകയാണു.

 

Content Highlights: Yogi Siddaramaiah spar on twitter