ബല്‍റാം പ്രസ്താവന പിന്‍വലിക്കണമെന്ന് ഉമ്മന്‍ചാണ്ടി; സിപിഎമ്മിന്റെ തിണ്ണമിടുക്കില്‍ പേടിച്ചോടില്ലെന്ന് ബല്‍റാം

single-img
8 January 2018

വിടി ബല്‍റാം പ്രസ്താവന പിന്‍വലിക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി. എന്നാല്‍ ഇതിന്റെ പേരിലുണ്ടാകുന്ന അസഹിഷ്ണുതയും അക്രമങ്ങളും അംഗീകരിക്കാനാവില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തിരുത്തലിനു വിധേയമാകണം.

പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ് കണ്ടു ചിരിയാണ് വന്നതെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം എകെജി വിവാദത്തില്‍ തിരുത്താനോ മാറ്റിപ്പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി തൃത്താല എംഎല്‍എ വിടി ബല്‍റാം രംഗത്ത് എത്തി.

സിപിഎമ്മിന്റെ തിണ്ണമിടുക്ക് കണ്ട് അക്രമത്തിന്റെയും ഉമ്മാക്കിയുടെയും മുന്നില്‍ പേടിച്ചോടില്ല. ചില വിഗ്രഹങ്ങള്‍ ഉടഞ്ഞുവീഴുമ്പോള്‍ പൊളളുമെന്നും അത് സിപിഎമ്മിന്റെ വിധിയെന്നും ബല്‍റാം തുറന്നടിച്ചു. യൂത്ത്‌കോണ്‍ഗ്രസ് തൃത്താലയില്‍ നടത്തിയ പ്രകടനത്തിനിടെയായിരുന്നു എംഎല്‍എയുടെ പരസ്യപ്രതികരണം.

തന്റെ വാക്കില്‍ പിഴവുകളുണ്ടായെങ്കില്‍ അത് തിരുത്താനുളള ഉത്തരവാദിത്തം കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കുണ്ടെന്നും എന്നാല്‍ സിപിഎമ്മിന്റെ തിണ്ണമിടുക്ക് കണ്ട് പേടിച്ചോടില്ലെന്നും തിരുത്താനോ മാറ്റിപ്പറയാനോ ഉദ്ദേശിക്കുന്നില്ലെന്നും വിടി ബല്‍റാം തുറന്നടിച്ചു.

അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്ന പോരാട്ടവുമായി മുന്നോട്ടുപോകും. ശരിയോ തെറ്റോ എന്തുമാകട്ടേ അഭിപ്രായങ്ങള്‍ പറയാനുളള സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്ന പോരാട്ടവുമായാണ് നമ്മള്‍ മുന്നോട്ടുപോകുന്നത് എന്നു വിടി ബല്‍റാം പറഞ്ഞു.