യുഎഇയില്‍ ഇനി ഷവര്‍മയും ശരിഅത്ത് നിയമം അനുശാസിക്കും വിധം

single-img
8 January 2018

രാജ്യത്തു ഷവര്‍മ തയാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഉള്‍പ്പെടെ ആരോഗ്യമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി (എസ്മ) വ്യക്തമാക്കി.

മാംസവും ഇതര സാധനങ്ങളും കേടാകാതിരിക്കാനും പൊടിപടലങ്ങള്‍ കയറാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഷവര്‍മയ്ക്കുള്ള മാംസം അംഗീകൃത അറവുശാലകളില്‍ നിന്നുള്ളതായിരിക്കണമെന്ന് എസ്മ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മഈനി പറഞ്ഞു.

ജിസിസി സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഓര്‍ഗനൈസേഷന്റെ (ജിഎസ്ഒ) മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. ശരിഅത്ത് നിയമം അനുശാസിക്കും വിധമുള്ള മാംസവും മറ്റു ചേരുവകളും ഉപയോഗിക്കണം. ശരീഅത്ത് നിയമം അനുവദിക്കാത്ത ഒരു ഘടകവും നിര്‍മാണത്തിന് ഉപയോഗിക്കാന്‍ പാടില്ല.

കടയുടെ പരിധിക്ക് പുറത്ത് ഷവര്‍മ നിര്‍മിച്ച് കടയിലെത്തിച്ച് വില്‍പന നടത്താന്‍ അനുവദിക്കില്ല. ജോലിക്കാരെല്ലാം ആരോഗ്യസര്‍ട്ടിഫിക്കറ്റുള്ളവരായിരിക്കണം. ജീവനക്കാര്‍ക്ക് പകര്‍ച്ചാവ്യാധികള്‍, ശ്വാസകോശരോഗങ്ങള്‍, മുറിവുകള്‍, പഴുപ്പുകള്‍ എന്നിവയുണ്ടാകാന്‍ പാടില്ല.

പുകവലിയടക്കം അനാരോഗ്യകരമായ ദുശീലങ്ങളും ജീവനക്കാര്‍ക്ക് പാടില്ല. മാംസം ശീതീകരണിയില്‍ നിന്നു നിശ്ചിതസമയത്തു മാത്രമായിരിക്കണം പുറത്തെടുക്കേണ്ടത്. വളരെ നേരത്തേ പുറത്തെടുത്താല്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്.

വേഗം കേടാകാനിടയുള്ള വിഭവമാണിത്. ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ഷവര്‍മ തയാറാക്കുന്ന സ്ഥലം, കത്തി, മറ്റുപകരണങ്ങള്‍ എന്നിവ വൃത്തിയുള്ളതായിരിക്കണം എന്നും എസ്മ ഡയറക്ടര്‍ പറഞ്ഞു. നേരത്തേ ദുബൈ അടക്കം വിവിധ എമിറേറ്റുകളില്‍ ഇത്തരം സുരക്ഷാമാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ രാജ്യമെമ്പാാടും മാനദണ്ഡങ്ങള്‍ ഏകീകരിക്കുകയാണ് എസ്മ.