സ്വവർഗ്ഗരതി നിയമവിധേയമാക്കാനുള്ള ഹർജ്ജി പരിഗണിച്ച് സുപ്രീം കോടതി

single-img
8 January 2018

Supreme Court to decriminalise homosexualityസ്വവർഗ്ഗരതി നിയവിരുദ്ധമാക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 377 പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജ്ജി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിനു വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.

പ്രായപൂർത്തിയായവർ തമ്മിൽ പരസ്‌പര സമ്മതത്തോടെയുള്ള ‘പ്രകൃതിവിരുദ്ധ’ ലൈംഗിക ബന്ധം കുറ്റകരമാക്കുന്നതാണു ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377–ാം വകുപ്പ്. ഇതുപ്രകാരം സ്വവർഗാനുരാഗം കുറ്റമാണെന്ന് നേരത്തേ സുപ്രീംകോടതി വിധിച്ചിരുന്നു. 2013 ഡിസംബറിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഈ വിധിയും പുനഃപരിശോധിക്കുമെന്നാണു കോടതി അറിയിച്ചിട്ടുള്ളത്.

സ്വയം തിരഞ്ഞെടുപ്പിന്റെ പേരിൽ ഒരു വ്യക്തിക്കോ ഒരു കൂട്ടം ആളുകൾക്കോ ഭയപ്പെട്ടു ജീവിക്കാനാകില്ലെന്നു കോടതി പറഞ്ഞു. സമൂഹത്തിന്റെ ധാർമികത കാലഘട്ടത്തിനനുസരിച്ചു മാറുന്നതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

പൊലീസിനെ ഭയന്നു തങ്ങൾക്കു സ്വസ്ഥമായി ജീവിക്കാനാകുന്നില്ലെന്നു കാട്ടി അഞ്ച് ട്രാൻസ്ജെൻഡേഴ്സ് നൽകിയ ഹർജിയിലാണു സുപ്രീംകോടതിയുടെ വിധി. ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ കോടതി കേന്ദ്രസർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വവർഗാനുരാഗികളും ഭിന്നലിംഗക്കാരും ഉൾപ്പെടെയുള്ള (എൽജിബിടി) ലൈംഗിക ന്യൂനപക്ഷങ്ങൾക്കുള്ളത്  ഭരണഘടനാപരമായ അവകാശം തന്നെയാണെന്നു  ഏതാനും മാസങ്ങൾക്കു മുൻപ് സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു. ‘സ്വകാര്യത മൗലികാവകാശമോ’ എന്ന വിഷയം പരിശോധിച്ച ഒൻപതംഗ ബെഞ്ചിലെ അഞ്ചു ജഡ്‌ജിമാർ ലൈംഗിക ന്യൂനപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശം എടുത്തുപറയുകയും ചെയ്തിരുന്നു.

2009ലെ ഡല്‍ഹി ഹൈകോടതി വിധി തള്ളിക്കൊണ്ടാണ് 2013ൽ സ്വവർഗ ലൈഗിംകത കുറ്റകരമാണെന്ന് സുപ്രീംകോടതി വിധിച്ചത്. ജസ്റ്റിസ് ജി.എസ് സിംഗ്വി അദ്ധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു നിര്‍ണായകമായ ഈ വിധി. പ്രകൃതിവിരുദ്ധ ലൈംഗികത കുറ്റമാണെന്നു വ്യക്തമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഡല്‍ഹി ഹൈകോടതി സ്വവര്‍ഗാനുരാഗം നിയമവിധയേമാക്കിയത്. എന്നാൽ 377–ാം വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നും അത് ശിക്ഷാ നിയമത്തിൽ നിലനിർത്തണമോ വേണ്ടയോ എന്നതു പാർലമെന്റിനു തീരുമാനിക്കാമെന്നുമുള്ള നിലപാടിലാണു സുപ്രീം കോടതി ഈ വിധിയെ റദ്ദ് ചെയ്തത്.

 

 

 

 

Highlights: Supreme Court to decriminalise homosexuality , homosexuality, Constitutional validity of Section 377