ബഹ്‌റൈനിലെത്തിയ രാഹുല്‍ ഗാന്ധിക്ക് ഗംഭീര വരവേല്‍പ്പ്

single-img
8 January 2018


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യത്തെ അന്താരാഷ്ട്ര സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധിയ്ക്ക് ബഹ്‌റൈനില്‍ ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. വിദേശത്തുള്ള ഇന്ത്യക്കാര്‍ രാജ്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്ന് ബഹ്‌റൈനിലേയ്ക്കു പുറപ്പെടുംമുന്‍പ് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞിരുന്നു.

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ബഹ്‌റൈനിലെ ഇന്ത്യന്‍ വംശജരായ ബിസിനസുകാരുമായും രാഷ്ട്രീയ നേതാക്കളുമായും രാഹുല്‍ ഗാന്ധി സംസാരിക്കും. ബഹറൈന്‍ രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖാലിഫയുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.

രാഹുലിന്റെ അമേരിക്കയിലെ ബെര്‍ക്കിലി യാത്രയ്ക്ക് ചുക്കാന്‍ പിടിച്ച പ്രധാന ഉപദേശക റോളിലുള്ള സാംപിട്രോഡ തന്നെയാണ് ബഹ്‌റൈന്‍ യാത്രയ്ക്കും ചുക്കാന്‍ പിടിച്ചത്. അതുകൊണ്ട് തന്നെ സന്ദര്‍ശനത്തെ ഏറെ ശ്രദ്ധയോടെയാണ് ബി.ജെ.പി നേതൃത്വവും നോക്കിക്കാണുന്നത്.

രാഹുലിന്റെ ബെര്‍ക്കിലി യാത്രയായിരുന്നു കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് പുതിയൊരു രാഹുലിനെ സമ്മാനിച്ചതെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഒരു രാഷ്ട്രീയ നേതാവായി രാഹുലിന്റെ പുനരവതാരമായി പോലും അമേരിക്കന്‍ യാത്രയും അവിടെ രാഹുല്‍ നടത്തിയ സംവാദങ്ങളും മറുപടികളും വിലയിരുത്തപ്പെട്ടു. ബഹ്‌റൈന്‍ യാത്ര പൂര്‍ത്തിയായ ഉടന്‍ യു.എ.ഇ സന്ദര്‍ശനത്തിനും രാഹുല്‍ ഒരുങ്ങുന്നുണ്ട്. പക്ഷെ ദിവസം തീരുമാനിച്ചിട്ടില്ല.

യു.എ.ഇ സന്ദര്‍ശനത്തിനിടെ അവിടെയുള്ള വ്യാപാരികളെയും, മറ്റ് ഇന്ത്യന്‍ വംശജരെയും രാഹുല്‍ ഗാന്ധി പ്രത്യേകം സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. വിവിധ കമ്പനി മേധാവികളുമായും രാഹുല്‍ സംവദിക്കും. നോട്ട് നിരോധനം, ജി.എസ്.ടി എന്നിവയെല്ലാം ചര്‍ച്ചയ്‌ക്കെടുക്കുകയും ചെയ്യുമെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.