വിവാദങ്ങള്‍ക്കിടെ ‘പദ്മാവത്’ ജനുവരി 25 ന് റിലീസ് ചെയ്യും

single-img
8 January 2018

വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ദീപികാ പദുക്കോണിന്റെ സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് ജനുവരി 25 ന് റിലീസ് ചെയ്യും. പദ്മാവതി എന്ന് നാമകരണം ചെയ്തിരുന്ന ചിത്രത്തിന് ഏറെ എതിര്‍പ്പുകളെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് റിലീസിനുള്ള അനുമതി നിഷേധിച്ചിരുന്നു.

പിന്നീടാണ് അഞ്ച് സുപ്രധാന മാറ്റങ്ങളോടെ പദ്മാവത് എന്ന് പുനര്‍നാമകരണം ചെയ്ത് പുറത്തിറക്കാന്‍ ധാരണയായത്. ഓണ്‍ലൈന്‍ ടിക്കറ്റ് സൈറ്റുകളില്‍ പദ്മാവതിന്റെ റിലീസ് ജനുവരി 25 എന്ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രജപുത്രവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഉത്തരേന്ത്യയിലാകെ ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമായത്.

ചിത്രം കാണാന്‍ നിയോഗിച്ച ആറംഗ വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഉപാധികള്‍ അംഗീകരിച്ചാല്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. സിനിമയുടെ പേര് പദ്മാവത് എന്നാക്കണം. സിനിമ തുടങ്ങുമ്പോഴും ഇടവേളകളിലും ചരിത്രവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണം.

ചിത്രത്തില്‍ 26 ഭാഗങ്ങളില്‍ മാറ്റം വരുത്തണം എന്നിവയായിരുന്നു ഉപാധികള്‍. സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവച്ച ഉപാധികള്‍ നിര്‍മാതാക്കള്‍ അന്നു തന്നെ അംഗീകരിച്ചിരുന്നു. ചരിത്രത്തിന്റെ ഭാഗീകാവതരണം ഒഴിവാക്കാന്‍ സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചരിത്രം വളച്ചൊടിച്ചുവെന്നും രജപുത്രരാജ്ഞിയെ മോശമായി ചിത്രീകരിച്ചു എന്നുമായിരുന്നു ചിത്രത്തിനെതിരായ ആരോപണം.
ചിത്രത്തിനെതിരെ കര്‍ണിസേനയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ചിത്രീകരണവേളയില്‍ രണ്ട് തവണ കര്‍ണിസേന സെറ്റ് ആക്രമിക്കുകയും ചെയ്തിരുന്നു.

പദ്മാവതിക്കെതിരായ പ്രതിഷേധമെന്ന നിലയില്‍ ജീവനൊടുക്കുക വരെയുണ്ടായി. പദ്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ നിവേദനങ്ങളും സമര്‍പ്പിച്ചു.