മഞ്ജു വാര്യര്‍ സിപിഎമ്മിലേക്ക്; എറണാകുളത്ത് സ്ഥാനാര്‍ത്ഥി ?

single-img
8 January 2018

ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കാന്‍ തിരുവനന്തപുരത്തേക്ക് എത്തിയതിന് പിന്നാലെയാണ് മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തനിക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് നടി അന്നുതന്നെ വ്യക്തമാക്കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യരെ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എമ്മില്‍ ആലോചന നടക്കുന്നതായുള്ള വാര്‍ത്ത പുറത്തു വരുന്നത്. പാര്‍ട്ടിക്ക് നിരന്തരമായി നഷ്ടപ്പെട്ടുപോകുന്ന എറണാകുളം പിടിക്കാന്‍ സിനിമാ പ്രവര്‍ത്തകയായും സംഘാടകയായും സാമൂഹ്യ പ്രവര്‍ത്തകയായുമൊക്കെയുള്ള മഞ്ജു വാര്യരുടെ പ്രതിഛായ ഉപയോഗിക്കണമെന്നതാണ് ചില നേതാക്കളുടെ ആലോചനയെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇടതു സര്‍ക്കാറിന്റെ പല പദ്ധതികളുടെയും ബ്രാന്‍ഡ് അംബാസഡറായ മഞ്ജു വാര്യര്‍ അടുത്ത സമയത്തായി സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ തുറന്ന് പ്രശംസിക്കുകയും ചെയ്തിരുന്നു. എറണാകുളത്ത് പല പരിപാടികളിലും സജീവമാകാനും അവര്‍ ശ്രമിക്കുന്നുണ്ട്.

പി. രാജീവിനെ തന്നെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കാനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാനുമാണ് നേരത്തേ ധാരണയുണ്ടായിരുന്നത്. എന്നാല്‍, പുതിയ ധാരണ അനുസരിച്ച് രാജീവ് അടുത്ത മൂന്ന് വര്‍ഷവും സെക്രട്ടറിയായി തുടരും.

വിശാല കൊച്ചി വികസന അതോറിറ്റിയുടെ അധ്യക്ഷനായ പിണറായിയുടെ വിശ്വസ്തന്‍ സി.എന്‍. മോഹനനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താനും ധാരണയായിട്ടുണ്ട് എന്നാണ് വിവരം. അതേസമയം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.

നീണ്ട ഇടവേളയ്ക്ക് ശേഷം ഉജ്വല തിരിച്ചുവരവ് നടത്തിയ മഞ്ജു സിനിമയ്‌ക്കൊപ്പം അനേകം സാമൂഹ്യ പരിപാടികളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി ജനങ്ങള്‍ക്കിടയില്‍ സജീവമാണ്. മലയാള സിനിമയില്‍ അടുത്തിടെ ഉണ്ടായ സ്ത്രീപക്ഷ കൂട്ടായ്മയ്ക്ക് പിന്നില്‍ മഞ്ജുവിന്റെ ബുദ്ധിയാണെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.

നേരത്തെയും മഞ്ജു വാര്യരുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ചില കിംവദന്തികള്‍ പരന്നിരുന്നു. മഞ്ജു ബിജെപിയുടെ രാജ്യസഭ എംപി ആകും എന്നായിരുന്നു ആ വാര്‍ത്ത. അത് അന്നുതന്നെ മഞ്ജു വാര്യര്‍ നിഷേധിക്കുകയും ചെയ്തിരുന്നു.

ഓഖി ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം, രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് തന്റെ സംതൃപ്തിക്ക് വേണ്ടിയാണെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ‘ഞാന്‍ ചെയ്യുന്നത് വലിയകാര്യമാണെന്ന് ഒന്നും ചിന്തിക്കുന്നില്ല.

ഒരുപാട് പേര്‍ എന്നെക്കാള്‍ നന്നായി, വളരെ നിശബ്ദമായി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. എന്നെ ആളുകള്‍ക്ക് അറിയാവുന്നതായതുകൊണ്ട് ഞാന്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും വലിയ രീതിയില്‍ അവതരിപ്പിക്കപ്പെടുകയാണ്. ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനല്ല ഇത്തരം കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നത്.

ദുരിതത്തില്‍ കഴിയുന്നവരെ സഹായിക്കുക എന്നത് എന്റെ സാമൂഹിക ഉത്തരവാദിത്തമാണ്. എന്റെ മനസിന്റെ സംതൃപ്തിക്കു വേണ്ടിയാണ് ഞാന്‍ ഓഖി ദുരന്ത ബാധിതരെ കാണാന്‍ പോയത്’ മഞ്ജു വാര്യര്‍ വ്യക്തമാക്കി. ‘ഇപ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം തോന്നുന്നുണ്ട്.

ഞാന്‍ അഭിപ്രായം പറയാറുണ്ട്. എന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. മുമ്പ് അങ്ങനെയായിരുന്നില്ല. കലോത്സവത്തിലെ വിജയി എന്ന നിലയിലാണ് സിനിമയിലേക്ക് എന്‍ട്രി കിട്ടുന്നത്. എനിക്ക് കിട്ടിയ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചത് സംവിധായകരുടെ മിടുക്ക് കൊണ്ടാണ്. ലോഹിതദാസ് സാര്‍ അഭിനയത്തെ കുറിച്ച് പറഞ്ഞു തന്ന പാഠങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും മഞ്ജു പറഞ്ഞിരുന്നു.