മെയ്ക് ഇൻ ഇന്ത്യ പാളുന്നു : 32000 കോടിരൂപയുടെ പ്രതിരോധ പദ്ധതി ഉപേക്ഷിച്ചു

single-img
8 January 2018

Blow to Make In Indiaഏറെ കൊട്ടിഘോഷിച്ച മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികൾ പാളുന്നതായി റിപ്പോർട്ട്.  മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രതിരോധ മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിച്ച 32,000 കോടിയുടെ കപ്പൽ നിർമ്മാണ പദ്ധതി സർക്കാർ ഉപേക്ഷിച്ചതോടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി നേട്ടങ്ങൾ കൊയ്യുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയാണു.

മൈനുകള്‍ നീക്കംചെയ്യുന്നതിനുള്ള 12 കപ്പലുകളുടെ നിര്‍മാണത്തിന് ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതിയാണ് റദ്ദാക്കിയിരിക്കുന്നത്. അത്യാധുനിക എം.സി.എം.വി വിഭാഗത്തിൽപ്പെടുന്ന കപ്പലുകൾ നിർമിക്കുന്നതിനാണു ദക്ഷിണ കൊറിയയുമായി ചേർന്ന് പദ്ധതി വിഭാവനം ചെയ്തത്. ഗോവ ഷിപ്‌യാഡിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ഗോവന്‍ ഷിപ്‌യാഡന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എംസിഎംവി പദ്ധതിയ്ക്കായി പുതുതായി നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ദക്ഷിണ കൊറിയയുമായുള്ള ധാരണയിൽ മാറ്റംവന്നതാണ് പദ്ധതി തടസപ്പെടുന്നതിനും വൈകുന്നതിനും ഇടയാക്കിയത്. സാങ്കേതികവിദ്യ കൈമാറ്റം അടക്കമുള്ള കാര്യങ്ങളിലാണു ദക്ഷിണ കൊറിയയുടെ ഭാഗത്തുനിന്ന് നിലപാട് മാറ്റം ഉണ്ടായതെന്നാണു സൂചന.

നിലവിൽ 30 വർഷത്തിലധികം പഴക്കമുള്ള നാല് കപ്പലുകളാണ് ഇന്ത്യൻ നാവികസേനയ്ക്കുള്ളത്. എന്നാൽ 24 കപ്പലുകളാണ് കിഴക്ക്, പടിഞ്ഞാറ് മേഖലകളിൽ ആവശ്യമുള്ളത്. മൈനുകൾ നിക്ഷേപിക്കുന്നതിൽ വൈദഗ്ധ്യമുള്ള ചൈനീസ് കപ്പലുകളുടെ സാന്നിദ്ധ്യം കടലിൽ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ നാവിക സേനയ്ക്ക് പുതിയ സാങ്കേതിക വിദ്യയുള്ള ഇത്തരം കപ്പലുകൾ ആവശ്യമുണ്ട്.

3.5 ലക്ഷം കോടിയുടെ പദ്ധതികളാണ് മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി പ്രതിരോധമേഖലയില്‍  നടപ്പാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. കരസേനയ്ക്കാവശ്യമായ വാഹനങ്ങള്‍,  ഹെലികോപ്ടറുകള്‍, പുതിയ തലമുറ മുങ്ങിക്കപ്പലുകള്‍, അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ തുടങ്ങിയവയുടെ നിർമ്മാണവും ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.

എന്നാല്‍ പദ്ധതികളെല്ലാം വ്യത്യസ്ത ഘട്ടങ്ങളില്‍ നിലച്ചിരിക്കുകയാണ്. ഒന്നിന്റെയും അവസാനവട്ട കരാറുകള്‍ ഉണ്ടാക്കാന്‍ പോലും സാധിച്ചിട്ടില്ല.

 

Highlights: Blow to Make In India, minesweepers project, Goa Shipyard Limited