കോഴിക്കോട് വിവാഹ വീട്ടിലെ വീഡിയോയില്‍ പതിഞ്ഞത് പുലിയല്ല; കാട്ടുപൂച്ച

single-img
8 January 2018

കോഴിക്കോട് പെരുവയൽ പള്ളിതാഴത്ത് കല്യാണവീടിന് പുറക് വശത്ത് കണ്ട പുലിയോട് സാമ്യമുള്ള ജീവി. കുട്ടികൾ മൊബൈലിൽ വീഡിയോ എടുക്കുമ്പോൾ പതിഞ്ഞതാണ്.ശനിയാഴ്ച്ച വൈകുന്നേരമാണ് സംഭവം.

Posted by Rajith Kumar MT on Saturday, January 6, 2018

കോഴിക്കോട് പെരുവയല്‍ കായലം പള്ളിത്താഴത്ത് വിവാഹ വീട്ടിലെ വീഡിയോയില്‍ പതിഞ്ഞത് പുലിയല്ലെന്നു സ്ഥിരീകരിച്ചു. ഞായറാഴ്ച പ്രദേശത്ത് വനപാലകര്‍ നടത്തിയ പരിശോധനയിലാണ് കാട്ടുപൂച്ചയാണെന്ന് തിരിച്ചറിഞ്ഞത്. കൊളാട്ടില്‍ രവീന്ദ്രന്റെ പറമ്പിനു പിന്നിലെ കാടുമൂടിയ സ്ഥലത്താണ് വിശദപരിശോധന നടത്തിയത്.

പുലിയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന തെളിവുകളൊന്നും പരിശോധനയില്‍ ലഭിച്ചില്ല. സ്ഥലത്ത് സ്ഥാപിക്കാന്‍ ക്യാമറകള്‍ എത്തിച്ചിരുന്നെങ്കിലും കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചതോടെ ഉദ്യോഗസ്ഥര്‍ തിരിച്ചുകൊണ്ടുപോയി. പുലിയുടെ വിസര്‍ജ്യമോ ഭക്ഷ്യാവശിഷ്ടങ്ങളോ കണ്ടെത്താനാവാത്തതിനാലാണ് പുലിയല്ലെന്ന് സ്ഥിരീകരിച്ചത്.

വീടിനു പിന്നില്‍ കണ്ടെത്തിയ കാല്‍പാട് ഞായറാഴ്ച വീണ്ടും പരിശോധിച്ചെങ്കിലും പുലിയുടെതല്ലെന്ന വ്യക്തമായി. വീഡിയോയില്‍ പതിഞ്ഞ ജീവിക്ക് യഥാര്‍ഥത്തില്‍ കൂടുതല്‍ വലിപ്പമില്ലെന്നും അത് തോന്നിച്ചതുമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വിവാഹ സത്കാരം നടക്കുന്ന വീട്ടില്‍ നിന്നെടുത്ത വീഡിയോയിലാണ് പുലിയുടേതെന്നു തോന്നിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. വിവാഹ സത്കാരത്തിനിടെ എടുത്ത ദൃശ്യങ്ങള്‍ സത്കാരത്തില്‍ പങ്കെടുത്ത കുട്ടികള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ടിരുന്നു. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ് ദൃശ്യത്തില്‍ ‘പുലി’ പതിഞ്ഞ വിവരം ശ്രദ്ധയില്‍പ്പെടുത്തുന്നത്.

ഉടന്‍ പോലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. ഇതേതുടര്‍ന്ന് പോലീസെത്തി പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. പുലി അല്ല എന്നറിഞ്ഞതോടെ പ്രദേശവാസികള്‍ ആശ്വാസത്തിലായി.