കൊച്ചിയില്‍ വീപ്പയില്‍ കോണ്‍ക്രീറ്റിട്ട് ഉറപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി

single-img
8 January 2018

കൊച്ചി കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. ഒരു വര്‍ഷം പഴക്കം തോന്നുന്നതാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. കായലില്‍ നിന്ന് കരയില്‍ കയറ്റിവച്ച വീപ്പയിലാണ് മൃതദേഹം കണ്ടെത്തിയത്.

നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്പ് ഈ വീപ്പ ആദ്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് രണ്ടുമാസം മുമ്പാണ് ഡ്രഡ്ജിങ്ങിനിടയില്‍ വീപ്പ കരയ്ക്ക് എത്തിച്ചത്. ഇതിനു ശേഷവും വീപ്പയ്ക്കുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഉറുമ്പുകള്‍ എത്തുകയും ചെയ്തിരുന്നു.

മത്സ്യത്തൊഴിലാളികള്‍ ഈ വിവരം മാധ്യമങ്ങളെ അറിയിച്ചു. ഇതേത്തുടര്‍ന്ന് വീപ്പയ്ക്കുള്ളിലെ കോണ്‍ക്രീറ്റില്‍ ദുരൂഹതയെന്ന് വാര്‍ത്ത നല്‍കി. വാര്‍ത്തയ്ക്ക് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് കോണ്‍ക്രീറ്റിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

ശരീരഭാഗങ്ങള്‍ പൂര്‍ണമായും ദ്രവിച്ചു കഴിഞ്ഞ മൃതദേഹത്തില്‍ മുടിയും ഏതാനും അസ്ഥികളും മാത്രമേ അവശേഷിക്കുന്നുള്ളൂ.
കൊലപാതകത്തിനുശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ഇട്ട് അടയ്ക്കുകയും പിന്നീട് അതിനു മുകളില്‍ ഇഷ്ടിക നിറയ്ക്കുകയും ചെയ്തതാണെന്ന് സംശയിക്കുന്നു. ശാസ്ത്രീയപരിശോധന ആവശ്യമാണെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്.

ഇതിനു മുമ്പും നെട്ടൂരില്‍നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കായലില്‍നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. അന്ന് ചാക്കില്‍നിറയ്ക്കാന്‍ ഉപയോഗിച്ചിരുന്നതിന് സമാനമായ കല്ലുകളാണ് വീപ്പയ്ക്കുള്ളില്‍നിന്നും കണ്ടെത്തിയിട്ടുള്ളത്. ഈ രണ്ട് സംഭവങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. സ്ത്രീയുടെ മൃതദേഹമെന്നാണ് പ്രാഥമിക സൂചന.