കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ ഇല്ല

single-img
8 January 2018


കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഈ വര്‍ഷവും ഹജ് സര്‍വീസ് ഉണ്ടാകില്ല. കൊച്ചി ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള ഇരുപത്തിയൊന്ന് എംബാര്‍ക്കേഷന്‍ പോയന്റുകള്‍ ഇത്തവണയും നിലനിര്‍ത്തുമെന്ന് ഹജിന്റെ ചുമതല കൂടിയുള്ള കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ജിദ്ദയില്‍ പറഞ്ഞു.

വലിയ വിമാനങ്ങള്‍ക്കു സര്‍വീസ് നടത്തുന്നതിനു നിലനില്‍ക്കുന്ന സാങ്കേതിക പ്രതിബന്ധങ്ങളാണു കരിപ്പൂര്‍ വിമാനത്താവളത്തിനു ഹജ് എംബാര്‍ക്കേഷന്‍ കേന്ദ്രമെന്ന പദവി ലഭിക്കാതെ പോകുന്നതിനു കാരണം. തീര്‍ഥാടകര്‍ അവരുടെ സംസ്ഥാനങ്ങളിലെ എംബാര്‍ക്കേഷന്‍ പോയിന്റ് വഴി തന്നെ ഹജ്ജിനു പുറപ്പെടണം എന്ന് നിര്‍ബന്ധമില്ല.

ഇഷ്ടപെട്ട എംബാര്‍ക്കേഷന്‍ പോയിന്റ് തിരഞ്ഞെടുക്കുവാനുള്ള അവസരം ഈ വര്‍ഷം മുതല്‍ നല്‍കുന്നുണ്ട്. മുഴുവന്‍ ഹജ്ജ് അപേക്ഷാ നടപടിക്രമങ്ങളും പൂര്‍ണമായും ഡിജിറ്റലൈസേഷന്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും സൗദി ഇ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു.

ഓഗസ്റ്റ് രണ്ടാം പകുതിയില്‍ അരങ്ങേറുന്ന ഈ വര്‍ഷത്തെ വിശുദ്ധ ഹജ് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി നഖ്‌വി. മക്കയിലെ ആസ്ഥാനത്തു ഞായറാഴ്ച നടന്ന ചടങ്ങില്‍ ആതിഥേയ രാജ്യമായ സൗദിയെ പ്രതിനിധീകരിച്ച് ഹജ് ഉംറ വകുപ്പ് മന്ത്രി മുഹമ്മദ് സാലിഹ് ബെന്‍ന്തനും കരാറില്‍ ഒപ്പുവച്ചു.