മുത്തലാഖ് ബില്ലിനെതിരെ കാന്തപുരം: ‘ഇന്ത്യയില്‍ മുസ്‌ലിംകളെ കുറ്റവാളികളായി പ്രഖ്യാപിക്കാന്‍ നീക്കം നടക്കുന്നു’

single-img
8 January 2018

ഇന്ത്യയില്‍ മുസ്‌ലിംകളെ കുറ്റവാളികളായി പ്രഖ്യാപിക്കാന്‍ നീക്കം നടക്കുന്നതായി അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. മുത്തലാഖിന്റെ കാര്യത്തില്‍ മുസ്‌ലിംകളെ കുറ്റവാളി സമൂഹമായി പ്രഖ്യാപിക്കാനാണ് ശ്രമിക്കുന്നതെന്നും മര്‍ക്കസ് ജൂബിലി സമാപന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

മറ്റ് മതങ്ങളുടെ കാര്യത്തിലെല്ലാം വിവാഹം സിവില്‍ നിയമത്തിന്റെ പരിധിയിലാണ്. മുസ്‌ലിം വിഭാഗത്തിന് മാത്രം വിവാഹം എന്തു കൊണ്ട് ക്രിമിനല്‍ നിയമത്തിന്റെ ഭാഗമാകുന്നുവെന്നും കാന്തപുരം ചോദിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ആശ്രയിക്കാന്‍ പോകുന്നില്ലെന്നും കാന്തപുരം വ്യക്തമാക്കി.

രാഷ്ട്രീയ സമ്മേളനം ആണെന്നു കരുതിയാകും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളെ ബഹിഷ്‌ക്കരിച്ചതെന്ന് കാന്തപുരം പരിഹസിച്ചു. രാഷ്ട്രീയ പ്രശ്‌നങ്ങളെ സമുദായവല്‍ക്കരിച്ച് രക്ഷപ്പെടാമെന്നാരും കരുതേണ്ടെന്നും മുസ്‌ലിം ലീഗിനെ പരോക്ഷമായി കുറ്റപ്പെടുത്തി കാന്തപുരം പറഞ്ഞു. പത്ത് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ 22 രാജ്യങ്ങളിലെ 120 പ്രതിനിധികള്‍ പങ്കെടുത്തു. 1200 പേര്‍ക്ക് സഖഫ് ബിരുദം നല്‍കി.