സൗഹൃദം സ്ഥാപിച്ച് ന്യൂ ജനറേഷന്‍ തട്ടിപ്പ്; കണ്ണൂരില്‍ ‘സൂത്രശാലിയായ’ യുവാവ് പിടിയിലായി

single-img
8 January 2018

സൗഹൃദം സ്ഥാപിച്ച് പണവും ആഭരണവും തട്ടിയെടുക്കുന്ന സൂത്രശാലിയായ യുവാവ് പിടിയിലായി. ഇരിണാവ് ആയിരംതെങ്ങ് സ്വദേശി ജിജേഷിനെയാണ് കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണപുരം എസ്‌ഐ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജിജേഷിനെ കണ്ണൂര്‍ ടൗണില്‍നിന്നും അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരേ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍നിന്ന് 35 പരാതികള്‍ ലഭിച്ചു. തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പത്തു പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പ്രതി ജിജേഷ് തളിപ്പറമ്പ് സ്റ്റേഷന്‍ പരിധിയില്‍ത്തന്നെ പറശിനിക്കടവില്‍നിന്ന് 56,000 രൂപയുടെ തട്ടിപ്പും നടത്തി.

പെരിങ്ങോം പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് 25,000 രൂപയുടെ തട്ടിപ്പും നടത്തിയിട്ടുണ്ട്. കണ്ണപുരം പോലീസില്‍ ഇയാള്‍ക്കെതിരേ 15 പരാതികള്‍ ലഭിച്ചിട്ടുണ്ട്. കടയുടമ സ്ഥലത്തില്ലാത്ത സമയം നോക്കി ഉടമയുടെ സുഹൃത്തെന്നു പരിചയപ്പെടുത്തിയാണ് ഇയാള്‍ കടകളില്‍ എത്തുന്നത്.

കടയിലുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയും ഉടമ തനിക്കു തരാന്‍ കുറച്ചു പണം ഇവിടെ വച്ചിട്ടുണ്ടെന്നും ജീവനക്കാരോട് പറയും. പണം എത്രയാണെന്നും പറയും. ഉടമയുടെ സുഹൃത്താണെന്ന് ആധികാരികതയ്ക്കുവേണ്ടി ജീവനക്കാരുടെ മുന്നില്‍വച്ച് ഫോണില്‍ സംസാരിക്കുന്നതായി നടിക്കുകയും ചെയ്യും.

സ്ത്രീകള്‍ ജീവനക്കാരായുള്ള കടകളിലാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞവര്‍ഷം ഇതുപോലെ നിരവധി തട്ടിപ്പുകളാണ് നടന്നത്. ജിജേഷിന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
.