ഗാന്ധിജിയെ കൊന്നത് ഗോഡ്‌സെ തന്നെ: നിഗൂഢതകളില്ലെന്ന് അമിക്കസ്‌ക്യൂറി

single-img
8 January 2018

ന്യൂഡല്‍ഹി: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് നാഥുറാം ഗോഡ്‌സെ തന്നെയാണെന്നും ഇക്കാര്യത്തില്‍ ദുരൂഹതയ്ക്ക് സ്ഥാനമില്ലെന്നും അമിക്കസ്‌ക്യൂറി അമരേന്ദ്ര ശരണ്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. കേസില്‍ പുനരന്വേഷണത്തിന്റെ ആവശ്യകതയില്ലെന്നും മുതിര്‍ന്ന അഭിഭാഷകനായ ശരണ്‍ വ്യക്തമാക്കി.

ഗോഡ്‌സെ അല്ലാതെ മറ്റൊരാള്‍ ഉതിര്‍ത്ത വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടതെന്ന വാദത്തിന് യാതൊരു തെളിവുമില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കി. മൂന്ന് വെടിയുണ്ടകളായിരുന്നു ഗാന്ധിജിക്കു ഏറ്റത്. ഗാന്ധിജിയുടെ ശരീരത്തില്‍ നാലാമതൊരു വെടിയുണ്ട ഉണ്ടായിരുന്നതിന് തെളിവുകളില്ല.

കൂടാതെ വധത്തില്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സിക്ക് പങ്കുണ്ടെന്ന വാദവും അടിസ്ഥാന രഹിതമാണ്. ഗാന്ധിവധത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു അമിക്കസ് ക്യൂറി.

വധവുമായി ബന്ധപ്പെട്ട നാലായിരത്തോളം രേഖകള്‍ പരിശോധിച്ചാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അഭിനവ് ഭാരത് എന്ന സംഘടനയുടെ നേതാവ് പങ്കജ് പാണ്ഡ്യ നല്‍കിയ ഹര്‍ജ്ജിയിലാണ് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.

ഗോഡ്‌സെ അല്ലാതെ അജ്ഞാതനായ മറ്റൊരാള്‍ ഗാന്ധിജിയെ വെടിവച്ചുവെന്നാണ് പാണ്ഢ്യ വാദിച്ചത്. ഇത് തള്ളിയാണ് അമിക്കസ് ക്യൂറി ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ അമരീന്തര്‍ സരണിനെയും അഭിഭാഷകരായ സഞ്ചിത് ഗുരു, സമര്‍ഥ് ഖന്ന എന്നിവരും അടങ്ങുന്ന മൂന്നംഗ സംഘത്തെയാണ് അമിക്കസ്‌ക്യൂറിയായി കോടതി നിയോഗിച്ചത്.