ആഷസില്‍ ഇംഗ്ലണ്ട് ചാരമായി: സിഡ്‌നിയില്‍ ഇന്നിങ്‌സ് ജയത്തോടെ ഓസ്‌ട്രേലിയയ്ക്ക് പരമ്പര (4-0)

single-img
8 January 2018


സിഡ്‌നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് വിജയം. ഇന്നിംഗ്‌സിനും 123 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. 303 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് കടവുമായിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 180 റണ്‍സിന് എല്ലാവരും പുറത്തായി.

ഓസീസ് താരങ്ങളായ പാറ്റ് കുമ്മിന്‍സ് കളിയിലെ കേമനായും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. പരമ്പരയിലെ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് ടെസ്റ്റുകള്‍ തോറ്റ ഇംഗ്ലണ്ടിന് നാലാം ടെസ്റ്റില്‍ നേടിയ സമനില മാത്രമാണ് ഈ ആഷസ് പരമ്പരയില്‍ ആശ്വസിക്കാനുള്ളത്. ഇതോടെ ഓസ്‌ട്രേലിയ 4-0ത്തിന് പരമ്പര സ്വന്തമാക്കി.

സ്‌കോര്‍: ഇംഗ്ലണ്ട് 346, 180. ഓസ്‌ട്രേലിയ –649/7 ഡിക്ലയേര്‍ഡ്

303 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി 4 വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ട് 180 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ റൂട്ട് (167 പന്തില്‍ 58 റണ്‍സ്) മാത്രമാണ് ഇംഗ്ലീഷ് നിലയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

നാല് വിക്കറ്റ് വീഴ്ത്തിയ കുമ്മിന്‍സും മൂന്ന് വിക്കറ്റ് പിഴുതെടുത്ത നാഥന്‍ ലയോണുമാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. രണ്ട് ഇന്നിംങ്‌സിലുമായി കുമ്മിന്‍സ് എട്ടു വിക്കറ്റുകള്‍ സ്വന്തമാക്കി. നേരത്തെ ഒന്നാം ഇന്നിംങ്‌സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സ് എന്ന നിലയില്‍ ഓസ്‌ട്രേലിയ ഇന്നിംങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

സെഞ്ച്വറി നേടിയ മാര്‍ഷ് സഹോദരന്‍മാരുടെയും ഉസ്മാന്‍ ഖ്വാജയുടെയും മികവിലാണ് ഓസീസ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 291 പന്തുകള്‍ നേരിട്ട ഷോണ്‍ മാര്‍ഷ് 156 റണ്‍സെടുത്തും 141 പന്തുകള്‍ കളിച്ച മിച്ചല്‍ മാര്‍ഷ് 101 റണ്‍സെടുത്തുമാണ് പുറത്തായത്. 381 പന്തില്‍ 18 ഫോറും ഒരു സിക്‌സുമടക്കം 171 റണ്‍സാണ് ഖ്വാജ അടിച്ചെടുത്തത്.

കഴിഞ്ഞ ആഷസ് സീരീസ് 3-2 ന് സ്വന്തമാക്കിയ ഇംഗ്ലണ്ടിന് ഇത്തവണ നാലാം ടെസ്റ്റിലെ സമനില മാത്രമാണ് ആശ്വസിക്കാനുള്ളത്. ബാക്കി നാല് ടെസ്റ്റുകളിലും ആധികാരികയിരുന്നു ഓസീസ് വിജയം. ഒന്നാം ടെസ്റ്റില്‍ 10 വിക്കറ്റിനും രണ്ടാം ടെസ്റ്റില്‍ 120 റണ്‍സിനും ഇംഗ്ലണ്ട് അടിയറ പറഞ്ഞപ്പോള്‍ ശേഷിച്ച രണ്ട് ടെസ്റ്റിലും ഇന്നിംങ്‌സ് തോല്‍വിയോടെ ഇംഗ്ലീഷ് നിര നാണംകെട്ടു.