നോട്ട് നിരോധനം നഷ്ടത്തിലാക്കി: ബി.ജെ.പി ഓഫീസില്‍ ബിസിനസുകാരന്റെ ആത്മഹത്യാ ശ്രമം

single-img
7 January 2018


നോട്ട് നിരോധനം കാരണം കച്ചവടം നഷ്ടത്തിലായ ബിസിനസുകാരന്‍ ബി.ജെ.പി ഓഫീസിലെത്തി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തരാഖണ്ഡ് കൃഷിമന്ത്രി സുബോധ് ഉനിയാലിന്റെ ഡെറാഡൂണിലെ ഓഫിസിലെത്തിയാണ് പ്രകാശ് പാണ്ഡെയെന്നയാള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

ഓഫീസില്‍ കുഴഞ്ഞുവീണയുടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില അതീവ ഗുരുതരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കാത്‌ഗോഡയിലെ നയി സ്വദേശിയായ പ്രകാശ് പാണ്ഡെയുടെ ബിസിനസ് ചരക്ക് ഗതാഗതമായിരുന്നു.

2016ല്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ബിസിനസില്‍ കാര്യമായ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് മുതിര്‍ന്നതെന്ന് മന്ത്രി സുബോദ് ഉനിവാല്‍ പറഞ്ഞു. കച്ചവടം പൂട്ടിയതോടെ വ്യവസായത്തിനായി എടുത്ത ലോണുകളൊന്നും തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നുവെന്നും ഇയാള്‍ ബിജെപി ഓഫിസിലെത്തിയപ്പോള്‍ അറിയിച്ചു.

പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ബിജെപി അധ്യക്ഷനുമാണു കത്തയച്ചത്. ലോണുകള്‍ എഴുതിത്തള്ളണമെന്ന് ഇവരോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സാധിച്ചുതന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ കഥ പറഞ്ഞുകൊണ്ടിരിക്കെയാണ് ഇയാള്‍ താഴെ വീണത്. ഉടന്‍തന്നെ മന്ത്രിയുടെ കാറില്‍ ഇയാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടി ഓഫിസില്‍ എത്തുന്നതിനു മുന്‍പു തന്നെ ഇയാള്‍ വിഷം കഴിച്ചിരുന്നുവെന്നു കരുതുന്നതായി മന്ത്രി അറിയിച്ചു.