അമ്പത് ശതമാനം വിലക്കിഴിവും നാല്‍പ്പത് ലക്ഷം റിയാലിന്റെ കാഷ് പ്രൈസുകളും: ഷോപ്പ് ഖത്തറിന് ഇന്ന് തുടക്കം

single-img
7 January 2018

രാജ്യത്തിന്റെ പ്രധാന ഷോപ്പിങ് മേളയായ ഷോപ്പ് ഖത്തറിന് ഇന്ന് തുടക്കമാകും. പൊതു, സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് ഷോപ്പ് ഖത്തര്‍ നടത്തുന്നത്. കൂടുതല്‍ വിദേശപങ്കാളിത്തമാണ് ഇത്തവണത്തെ മേളയില്‍ ലക്ഷ്യമിടുന്നത്.

പ്രാദേശിക സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുപ്പത് പോപ്പ് അപ്പ് ഷോപ്പുകള്‍ മാള്‍ ഓഫ് ഖത്തറില്‍ ഇത്തവണ തുറക്കും. അല്‍ഖോര്‍ മാള്‍, സിറ്റി സെന്റര്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി, ഗള്‍ഫ് മാള്‍, ഹയാത്ത് പ്ലാസ്, ലഗൂണ മാള്‍, ലാന്‍ഡ്മാര്‍ക്ക്, മാള്‍ ഓഫ് ഖത്തര്‍, തവാര്‍ മാള്‍, ദ ഗേറ്റ് മാള്‍, വില്ലാജിയോ, എസ്ദാന്‍ മാള്‍, ദാര്‍ അല്‍ സലാം മാള്‍ എന്നിവയാണ് മേളയില്‍ പങ്കെടുക്കുന്ന പ്രധാന മാളുകള്‍.

അല്‍ ഹസാം മാളിന് സമീപം ഇന്ന് രാത്രി 8.20ന് നടക്കുന്ന വെടിക്കെട്ട് പ്രദര്‍ശനത്തോടെ മേളയ്ക്ക് തുടക്കമാകും. ഫെബ്രുവരി ഏഴുവരെ നീളുന്ന മേളയില്‍ അമ്പത് ശതമാനം വിലക്കിഴിവും മറ്റ് ഷോപ്പിങ് ഓഫറുകളും കൂടാതെ നാല്‍പ്പത് ലക്ഷം റിയാലിന്റെ കാഷ് പ്രൈസുകളും ആഡംബര കാറുകളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ചെറുകിട വ്യാപാരശാലകളില്‍ ഉള്‍പ്പെടെ വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ എന്നിവയ്ക്കാണ് അമ്പതുശതമാനം വിലക്കുറവ്. ഷോപ്പ് ഖത്തറിന്റെ ഭാഗമായി എംബ്രേസ് ദോഹയുമായി സഹകരിച്ച് സൂഖ് വാഖിഫിലേക്ക് യാത്രയും ക്രമീകരിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ പരമ്പരാഗത വ്യാപാരകേന്ദ്രമായ സൂഖ് വാഖിഫിലെ ഷോപ്പിങ് അനുഭവം സ്വന്തമാക്കാന്‍ വ്യക്തികള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കെല്ലാം അവസരമുണ്ട്. ഷോപ്പ് ഖത്തറിലുടനീളം വാരാന്ത്യങ്ങളില്‍ വൈകീട്ട് അഞ്ചുമുതല്‍ ആറരവരെയാണ് യാത്ര.

ഇരുന്നൂറ് റിയാലിന്റെ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ബി.എം.ഡബഌു. കാറാണ് ഇത്തവണ രണ്ട് വിജയികളെ കാത്തിരിക്കുന്നത്. ജനുവരി 11, 18, 25 തീയതികളിലായാണ് ആദ്യ മൂന്ന് നറുക്കെടുപ്പുകള്‍. രണ്ട് കാറുകളും പതിനായിരം മുതല്‍ ഒരു ലക്ഷം റിയാല്‍ വരെയുള്ള ക്യാഷ് പ്രൈസുകളുമാണ് ഓരോ നറുക്കെടുപ്പിലൂടെയും ലഭിക്കുന്നത്. അവസാനവട്ട നറുക്കെടുപ്പ് ഷോപ്പ് ഖത്തറിന്റെ സമാപനദിവസമായ ഫെബ്രുവരി ഏഴിന് നടക്കും.