സൗദിയില്‍ 17,000 രൂപ വരെ ശമ്പളം കൂട്ടി

single-img
7 January 2018

 

സൗദിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടി. 1,000 റിയാല്‍ (ഏകദേശം 17,000 രൂപ) ആണു മാസശമ്പളത്തില്‍ വര്‍ധന. പൗരന്മാര്‍ക്കു മാത്രമാണ് ആനുകൂല്യം. മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുകയും പെട്രോള്‍ വില ഇരട്ടിയാക്കുകയും ചെയ്തതോടെ ഉയര്‍ന്ന ജീവിതച്ചെലവ് നേരിടാനാണ് ശമ്പളം കൂട്ടിയത്

യെമനില്‍ പോരാടുന്ന സൈനികര്‍ക്ക് 5,000 റിയാല്‍ (ഏകദേശം 85,000 രൂപ) കൂട്ടിയിട്ടുണ്ട്. 11.5 ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് ഒരു വര്‍ഷത്തേക്കു പുതിയ അലവന്‍സ് ലഭിക്കുക. സാമ്പത്തികപരിഷ്‌കരണ നടപടികളുടെ ഭാരം ജനങ്ങള്‍ക്ക് അനുഭവപ്പെടാതിരിക്കാനാണു നടപടിയെന്നു ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവില്‍ പറയുന്നു.

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് എട്ടരലക്ഷം റിയാല്‍ വരെയുള്ള (ഏകദേശം 1.4 കോടി രൂപ) ഭവനമാണെങ്കില്‍ വാറ്റ് ഒഴിവാക്കുകയും വിദ്യാര്‍ഥികള്‍ക്കുള്ള സ്‌റ്റൈപന്‍ഡ് കൂട്ടുകയും ചെയ്തിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങളെ നേരത്തേ ഒഴിവാക്കിയിരുന്നു. എണ്ണയിതര സമ്പദ്‌വ്യവസ്ഥയിലേക്കു മാറുകയും പുതിയ വരുമാനമാര്‍ഗങ്ങള്‍ തേടുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണു സൗദി സാമ്പത്തിക അച്ചടക്കനടപടികള്‍ കര്‍ശനമാക്കിയത്.