സൗദിയില്‍നിന്നുള്ള കോഴി ഇറക്കുമതി കുവൈത്ത് നിരോധിച്ചു

single-img
7 January 2018

സൗദിയില്‍ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദിയില്‍നിന്നുള്ള പൗള്‍ട്രി ഇറക്കുമതിക്ക് കുവൈത്ത് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇറക്കുമതി വിലക്കെന്നു കാര്‍ഷിക മത്സ്യവിഭവ വികസന അതോറിറ്റി അറിയിച്ചു.

ജീവനുള്ള പക്ഷികള്‍ക്കും ശീതീകരിച്ച പക്ഷിമാംസത്തിനും മുട്ടക്കും വിലക്ക് ബാധകമായിരിക്കും. അതേസമയം രാജ്യത്ത് എവിടെയെങ്കിലും പക്ഷിപ്പനിയുള്ളതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കാര്‍ഷിക അതോറിറ്റിയുള്‍പ്പെടെയുള്ള ഡിപ്പാര്‍ട്ടുമെന്റുകളുടെ സഹകരണത്തോടെ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

രോഗം ബാധിച്ച പക്ഷികളുമായുള്ള സഹവാസത്തിലൂടെയല്ലാതെ പക്ഷിപ്പനി ജനങ്ങളിലേക്ക് പടരില്ല. അതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത്തരം ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.