‘സാറയെ കണ്ട ഉടൻ തന്നെ അവളോട് എനിക്ക് പ്രണയം തോന്നി; എനിക്കവളെ വിവാഹം കഴിക്കണം’: സച്ചിന്റെ മകളെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

single-img
7 January 2018


ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കറെ ശല്യപ്പെടുത്തിയ മുപ്പത്തിരണ്ടുകാരനെ പോലീസ് അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ നിന്നുമുള്ള ദേബ്കുമാര്‍ മൈഥിയാണ് പൊലീസ് പിടിയിലായത്. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഓഫീസില്‍ നിന്നും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റു ചെയ്തത്. യുവാവ് ഇരുപതോളം തവണ ടെന്‍ഡുല്‍ക്കറിന്റെ വീട്ടിലേക്ക് വിളിച്ച് ശല്യപ്പെടുത്തുകയും സാറയെ കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തിരുന്നു. കൂടാതെ സാറയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

‘പവലിയനില്‍ ഇരുന്ന് കളി കാണുന്നതിനിടയിലാണ് ഞാന്‍ സാറയെ കാണുന്നത്. കണ്ട ഉടന്‍ തന്നെ അവളോട് എനിക്ക് പ്രണയം തോന്നിയിരുന്നു. എനിക്കവളെ വിവാഹം കഴിക്കണം. ടെന്‍ഡുല്‍ക്കറിന്റെ ലാന്‍ഡ്‌ലൈന്‍ നമ്പര്‍ കണ്ടെത്തിയ ഞാന്‍ ഒരു 20 തവണയെങ്കിലും അതില്‍ നിന്ന് അവളെ വിളിച്ചിട്ടുണ്ടെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

അതേസമയം, സാറയെ നേരിട്ട് കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ദേബ്കുമാര്‍ മൈഥി പൊലീസിനോട് വ്യക്തമാക്കി. എന്നാല്‍, യുവാവ് മാനസീക പ്രശ്‌നമുള്ള ആളാണെന്നും, കഴിഞ്ഞ എട്ടുമാസത്തോളമായി മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുകയാണ് ഇയാളെന്നും അദ്ദേഹത്തിന്റെ ഒരു ബന്ധു വ്യക്തമാക്കിയിരുന്നു

എന്നാല്‍, പൊലീസ് ഇക്കാര്യം വിശ്വസിക്കാന്‍ തയാറായിട്ടില്ല . ഇയാള്‍ക്ക് സച്ചിന്റെ നമ്പര്‍ എങ്ങനെ കിട്ടിയെന്നത് വ്യക്തമല്ല. ഇയാളുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ കണ്ടെടുത്ത ഡയറിയില്‍ സാറയുടെ പേരും, അവര്‍ തന്റെ ഭാര്യയാണെന്ന തരത്തിലുള്ള ചിത്രങ്ങളുമാണു പൊലീസിന് ലഭിച്ചത്.