എല്ലാ മദ്രസകളിലും മോദിയുടെ ഛായാചിത്രം സ്ഥാപിക്കാന്‍ നിര്‍ദ്ദേശം

single-img
7 January 2018

എല്ലാ മദ്രസകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. പ്രധാനമന്ത്രിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും അവര്‍ക്ക് ഒഴിഞ്ഞു മാറാനാകില്ല.

യാഥാസ്ഥിതിക കാഴ്ചപ്പാട് മാറ്റാന്‍ മദ്രസകള്‍ തയ്യാറാകണം. പ്രധാനമന്ത്രിയുടെ ഛായാചിത്രം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വേണം. സര്‍ക്കാര്‍ ഗ്രാന്‍ഡ് ലഭ്യമാകുന്ന സ്ഥാപനങ്ങള്‍ ഇതിനു മുന്‍പന്തിയില്‍ നില്‍ക്കണം. ഇന്ത്യന്‍ കാഴ്ചപ്പാടില്‍ നിന്ന് അവര്‍ ഈ വിഷയം വീക്ഷിക്കണമെന്നും റാവത്ത് ചൂണ്ടിക്കാട്ടി.

എന്നാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ മദ്രസാ ബോര്‍ഡ് രംഗത്തെത്തി. ഇത്തരം നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി. ജീവിച്ചിരിക്കുന്നവരുടെ ഫോട്ടോകളും മറ്റും പള്ളികള്‍ക്കുള്ളിലും മദ്രസകള്‍ക്കുള്ളിലും പ്രദര്‍ശിപ്പിക്കുന്നത് ഇസ്ലാം മതവിശ്വാസപ്രകാരം അനുവദനീയമല്ലെന്ന് മദ്രസാ ബോര്‍ഡ് ഡെപ്യൂട്ടി രജിസ്ട്രാര്‍ അഖ്‌ലാഖ് അഹമ്മദ് പറഞ്ഞു.

മോദിയുടെ ഛായാചിത്രം സ്ഥാപിക്കാത്തതിനെ ഒരു വ്യക്തിയോടുള്ള എതിര്‍പ്പായി കാണേണ്ടതില്ലെന്നും അഹമ്മദ് ചൂണ്ടിക്കാണിക്കുന്നു. ഇത് തികച്ചും മതവിശ്വാസങ്ങളുടെ ഭാഗമാണ്. മതനേതാക്കളുടെ ചിത്രങ്ങള്‍ പള്ളിക്കുള്ളില്‍ സ്ഥാപിക്കാന്‍ പോലും ഇസ്ലാം അനുവദിക്കുന്നില്ലെന്നും അഹമ്മദ് ചൂണ്ടിക്കാണിക്കാണിക്കുന്നു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിനു തൊട്ടുപിന്നാലെയാണ് എല്ലാ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മോദിയുടെ ചിത്രം സ്ഥാപിക്കണമെന്ന ഉത്തരവ് ലഭിച്ചത്.