കോഴിക്കോട് വിവാഹ വീട്ടില്‍ നിന്നെടുത്ത ‘വീഡിയോയില്‍ പുലികുടുങ്ങി’: ജാഗ്രതാ നിര്‍ദ്ദേശം

single-img
7 January 2018

കോഴിക്കോട് പെരുവയൽ പള്ളിതാഴത്ത് കല്യാണവീടിന് പുറക് വശത്ത് കണ്ട പുലിയോട് സാമ്യമുള്ള ജീവി. കുട്ടികൾ മൊബൈലിൽ വീഡിയോ എടുക്കുമ്പോൾ പതിഞ്ഞതാണ്.ശനിയാഴ്ച്ച വൈകുന്നേരമാണ് സംഭവം.

Posted by Rajith Kumar MT on Saturday, January 6, 2018

വിവാഹ സല്‍ക്കാര ആഘോഷങ്ങള്‍ നടക്കുന്ന വീട്ടില്‍ നിന്നു പകര്‍ത്തിയ വീഡിയോയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. വീടിന്റെ സമീപത്തു കൂടി പുലി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ പതിഞ്ഞത്. കോഴിക്കോട് പെരുവയല്‍ പള്ളിത്താഴത്ത് കോളാട്ട് രവിയുടെ വീടിനടുത്താണ് സംഭവം.

വിവാഹ സത്കാരത്തിനിടെ എടുത്ത ദൃശ്യങ്ങള്‍ കുട്ടികള്‍ എടുത്ത് വാട്‌സാപ്പ് ഗ്രൂപ്പിലിട്ടിരുന്നു. ഈ വീഡിയോ കണ്ട വാട്‌സാപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ് ദൃശ്യത്തില്‍ പുലിയെ കണ്ടത്. തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.

പൊലീസ് ഉടനെ സ്ഥലത്തെത്തി ദൃശ്യം പരിശോധിക്കുകയും പുലിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. പൊലീസ് സമീപവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് പൊലീസിന്റെ നിര്‍ദേശം.

താമരശ്ശേരിയില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. മേഖലയില്‍ പൊലീസിന്റെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്യത്തില്‍ തിരച്ചില്‍ നടക്കുകയാണ്. എന്നാല്‍ പുലിയെ ഇതുവരെ ആരും നേരില്‍ കണ്ടില്ല. പുലി രാത്രിയില്‍ സ്ഥലം വിടാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശ വാസികളോട് ജാഗ്രത പുലര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്