പത്ത് മാറ്റങ്ങളോടെ പുതിയ റെനോ ക്വിഡ് വരുന്നു: വില 2.67 ലക്ഷം

single-img
7 January 2018

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ജനപ്രിയ ഹാച്ച് ബാക്ക് മോഡലായ ക്വിഡിന്റെ പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി. മുന്‍ മോഡലില്‍ നിന്ന് പത്ത് മാറ്റങ്ങള്‍ സഹിതം ‘ലിവ് ഫോര്‍ മോര്‍ റീലോഡഡ് 2018 എഡിഷന്‍’ എന്ന പേരിലാണ് പുതിയ ക്വിഡിന്റെ വരവ്.

2.67 ലക്ഷം രൂപ മുതല്‍ 3.88 ലക്ഷം വരെയാണ് പുതിയ പതിപ്പിന്റെ വിപണി വില. സുരക്ഷയ്ക്കായി പുതുതായി പാര്‍ക്കിങ് സെന്‍സര്‍ ഉള്‍പ്പെടുത്തിയതാണ് പ്രധാന മാറ്റം. ബാക്കിയെല്ലാ മാറ്റങ്ങളും വാഹനത്തിന്റെ ഡിസൈനിലാണ്. പുതിയ ബോഡി ഡീക്കലുകളും നിറക്കൂട്ടുകളും ക്വിഡിന് സ്‌പോര്‍ട്ടി ലുക്ക് വര്‍ധിപ്പിക്കും.

ബോണറ്റിനും റൂഫിനും, ഷൗള്‍ഡര്‍ ലൈനിനും കുറുകെയുള്ള ചെക്കേര്‍ഡ് സ്പീഡ്സ്റ്റര്‍ ഗ്രാഫിക്‌സാണ് ഡിസൈനിലെ പ്രധാന മാറ്റം. ഇരുവശങ്ങളിലും ഇതേ സ്പീഡ്സ്റ്റര്‍ ഗ്രാഫിക്‌സ് സ്ഥാനം പിടിച്ചു. 0.8 ലിറ്റര്‍ മാനുവല്‍, 1.0 ലിറ്റര്‍ മാനുവല്‍, ഓട്ടോമാറ്റിക് എന്നീ പതിപ്പുകളില്‍ പുതിയ മോഡല്‍ ലഭ്യമാകും.

പിന്‍ഭാഗത്തും വീല്‍, ഡോര്‍, മിറര്‍, റൂഫ് എന്നിവയിലും ലൈറ്റ് മഞ്ഞ നിറവും പുതുതായി വന്നിട്ടുണ്ട്. ലിഫ് ഫോര്‍ മോര്‍ ബാഡ്ജും ബോഡിയിലുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ലെയ്ന്‍ ചേഞ്ച് ഇന്‍ഡിക്കേറ്ററോട് കൂടിയ ടച്ച്‌സ്‌ക്രീന്‍ മീഡിയനാവ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയും പുതിയ പതിപ്പിന്റെ പ്രത്യേകതകളാണ്.

മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ യാതൊരു മാറ്റവുമില്ല. 0.8 ലിറ്റര്‍ ക്വിഡ് 53 ബിഎച്ച്പി പവറും 72 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ 1.0 ലിറ്റര്‍ ക്വിഡ് 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കും നല്‍കും.