മര്‍ദ്ദനത്തെ കുറിച്ച് പോലീസില്‍ പരാതിപ്പെട്ട യുവാവിനെ വധിക്കാന്‍ ശ്രമം; പ്രതികള്‍ അറസ്റ്റില്‍

single-img
7 January 2018

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതിന് യുവാവിന് വീണ്ടും മര്‍ദ്ദനം. സംഭവത്തില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. കോഴിക്കോട് വളയം രാജധാനി സ്വദേശി കോളിയോട്ട് വിഷ്ണുവിനാണ് വീണ്ടും മര്‍ദ്ദനമേറ്റത്.

വളയം മുത്തങ്ങച്ചാലില്‍ അഭയഗിരി സ്വദേശി ചീളില്‍ കുമാരന്‍, ചീളില്‍ മനോജന്‍, ചീളില്‍ ഷിജിന്‍ എന്നിവരെയാണ് വളയം എസ്‌ഐ പിഎല്‍ ബിനുലാല്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24 ന് പുലര്‍ച്ചെ മൂന്നരയോടെ വട്ടച്ചോലം അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ചുളള ഗാനമേള കഴിഞ്ഞ് ബൈക്കില്‍ തിരിച്ച് വരുന്നതിനിടെ നിരവുമ്മലില്‍ വെച്ച് വിഷ്ണുവിനെ രണ്ട് പേര്‍ മര്‍ദ്ദിച്ചിരുന്നു.

സംഭവത്തില്‍ വിഷ്ണു വളയം പോലീസില്‍ പരാതി നല്‍കുകയും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷം പ്രതികളുടെ അമ്മാവന്‍മാര്‍ വിഷ്ണുവിനെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വെളളിയാഴ്ച രാത്രി വിഷ്ണുവും കൂട്ടുകാരും ചേര്‍ന്ന് അമ്പലത്തിലെ പിരിവ് നടത്തുന്നതിനിടെ രാത്രി എട്ടര മണിയോടെ ഷിജിനും, കുമാരനും, മനോജനും ബൈക്കിലെത്തി ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് മര്‍ദിക്കുകയായിരുന്നു.

വിഷ്ണുവിന്റെ കൂടെ ഉണ്ടായിരുന്ന എടവനക്കണ്ടിയില്‍ ഷിബിന്‍ലാല്‍, മാരാംവീട്ടില്‍ ഷെറിന്‍ എന്നിവര്‍ക്കും മര്‍ദനമേറ്റു. മൂന്ന് പേരെയും നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിജിന്‍ ലാലിനെയും ഷെറിനെയും പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ വിഷ്ണു ആശുപത്രിയില്‍ ചികില്‍സയിലാണ്. അറസ്റ്റിലായ പ്രതികളെ നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.