ട്രോളുകള്‍ കണ്ട് മനംമടുത്തു; സ്വന്തം വിഷയങ്ങളിലല്ലാതെ മറ്റൊരു കാര്യത്തിലും വാ തുറക്കില്ലെന്ന് കണ്ണന്താനം

single-img
7 January 2018

തിരുവനന്തപുരം: സ്വന്തം വിഷയങ്ങളിലല്ലാതെ ഇനി മറ്റൊരു കാര്യത്തിലും അഭിപ്രായം പറയില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. താന്‍ എന്ത് പറഞ്ഞാലും അതിനെ വളച്ചൊടിച്ച് പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ സംവാദത്തിലായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.

എന്റെ വിഷയത്തിലല്ലാതെ ഇനി മറ്റൊരു കാര്യത്തിലും അഭിപ്രായം പറയില്ല. ഇന്നത്തെ കാലാവസ്ഥയെന്താണ് എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ടൂറിസം നല്ലതാണെന്ന്. അതല്ലാതെ മറ്റൊരു കാര്യത്തിലും വാ തുറക്കില്ല, കണ്ണന്താനം പറഞ്ഞു.

മാധ്യമങ്ങള്‍ പലതും വിവാദമാക്കി. തമാശപോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ബീഫ് നിയന്ത്രണം, പെട്രോള്‍ വിലവര്‍ധന തുടങ്ങിയ വിഷയങ്ങളിലെ വിവാദപ്രസ്താവനകളെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

നേരത്തെ തൃശ്ശൂരില്‍ ചേര്‍ന്ന ബി.ജെ.പി. സംസ്ഥാന ഭാരവാഹിയോഗത്തില്‍് അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ ആഞ്ഞടിച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍. ശിവരാജന്‍, പി.പി. വാവ എന്നിവര്‍, കണ്ണന്താനം കേരളത്തിലെ പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമാണെന്ന് പറഞ്ഞു. പിണറായി വിജയനെ തന്റെ ഗുരുവായാണ് അദ്ദേഹം കാണുന്നത്. പിന്നെ ഗുരുഭക്തി മൂത്ത് മുഖ്യമന്ത്രിയെ വല്ലാതെ പുകഴ്ത്തും. ഇത് പാര്‍ട്ടിക്ക് ബാധ്യതയാണെന്ന് വാവ പറഞ്ഞു. ശിവരാജന്‍ കുറേക്കൂടി തീവ്രമായി കണ്ണന്താനത്തെ പരിഹസിച്ചു. കേന്ദ്രമന്ത്രി നല്ല കഴിവുള്ളയാളാണ്.

പക്ഷേ, രാഷ്ട്രീയം അറിയില്ല. അദ്ദേഹത്തിന്റെ കഴിവുകള്‍ ഡല്‍ഹിയില്‍ പാര്‍ട്ടിക്ക് ഗുണമായിരിക്കും. അദ്ദേഹത്തോട് കേരളത്തിലേക്ക് വരരുതെന്ന് പറയണം. അഥവാ വന്നാല്‍തന്നെ പത്രക്കാരോട് വാ തുറക്കരുതെന്നും. പാലക്കാട്ട് എത്തിയ കണ്ണന്താനം എം.ബി. രാജേഷ് എം.പി.യെ പുകഴ്ത്തിയ കാര്യവും ശിവരാജന്‍ തമാശയായി അവതരിപ്പിച്ചു.

ലോകമണ്ടത്തരങ്ങളാണ് കണ്ണന്താനം വിളിച്ചുപറയുന്നതെന്നും വിമര്‍ശമുണ്ടായി. ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് നേതാക്കള്‍ കണ്ണന്താനത്തിനെതിരേ ആഞ്ഞടിച്ചത്. കേന്ദ്രനേതാക്കളായ നളിന്‍കുമാര്‍കട്ടീല്‍, എച്ച്. രാജ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശം. സംസ്ഥാനനേതാക്കളില്‍ ഒരാള്‍പോലും കണ്ണന്താനത്തിന് അനുകൂലമായി ഒരക്ഷരംപോലും മിണ്ടിയില്ല.