യുപിയിലെ ഹജ്ജ് ഹൗസിന് പൂശിയ കാവിനിറം മാറ്റി

single-img
7 January 2018

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംസ്ഥാന ഹജ്ജ് ഹൗസിന് കാവി നിറം പൂശിയത് വിവാദമായതിനെത്തുടര്‍ന്ന് കെട്ടിടത്തിന്റെ നിറം പഴയതു പോലെ മഞ്ഞനിറമാക്കി. യുപിയിലെ സംസ്ഥാന നിയമസഭാ മന്ദിരത്തിനു എതിര്‍വശത്തുള്ള ഉത്തര്‍പ്രദേശ് ഹജ് ഹൗസിന്റെ പുറംമതിലിനു കാവി പൂശിയതാണ് പഴയപടിയാക്കിയത്.

ഹജ് ഹൗസ് അവധിയായിരുന്ന വെള്ളിയാഴ്ചയായിരുന്നു ആരെയും അറിയിക്കാതെയുള്ള കാവിപൂശല്‍. എന്നാല്‍ സംഭവം കൈവിട്ടുപോയതോടെ സര്‍ക്കാര്‍ കരാറുകാരനെ ചാരി രക്ഷപെടാനുള്ള ശ്രമത്തിലാണ്. വിഷയം വിവാദമാക്കേണ്ട കാര്യമില്ലെന്നും കാവി ഊര്‍ജം പകരുന്ന നിറമായതിനാലാണ് പെയിന്റ് അടിക്കാന്‍ തീരുമാനിച്ചതെന്നും ന്യൂനപക്ഷകാര്യ മന്ത്രിയും ബി.ജെ.പി. നേതാവുമായ മൊഹ്‌സിന്‍ റാസ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഇത് വലിയ വിവാദമായതിനെത്തുടര്‍ന്നാണ് പെയിന്റിന്റെ നിറം പഴയതിലേക്ക് മാറ്റിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഭവന്‍ അനെക്‌സിനും സമീപകാലത്തു കാവിയടിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ബിജെപി സര്‍ക്കാര്‍ ഗ്രാമീണമേഖലയില്‍ ആരംഭിച്ച 50 പുതിയ സര്‍ക്കാര്‍ ബസുകള്‍ക്കും കാവിനിറമാണ്.