‘വളരെ നന്ദിയുണ്ട് നിതീഷ്‘ : ലാലുവിന്റെ മകൻ തേജസ്വി യാദവിന്റെ ട്വീറ്റ്

single-img
7 January 2018

തേജസ്വി യാദവ് കാലിത്തീറ്റ കുഭകോണക്കേസില്‍ ആർ ജെ ഡി നേതാ‍വ് ലാലു പ്രസാദ് യാദവിന് കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ലക്ഷ്യമിട്ട്‌ ലാലുവിന്റെ മകന്‍ തേജസ്വി യാദവിന്റെ ട്വീറ്റ്. ‘വളരെ നന്ദി നിതീഷ് കുമാര്‍‘ എന്നാണു പരിഹാസപൂർവ്വം തേജസ്വി യാദവ് ട്വീറ്റ് ചെയ്തത്.

ആര്‍ ജെ ഡി അധ്യക്ഷന്‍ കൂടിയായ ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണ കേസില്‍ മൂന്നര വര്‍ഷം തടവും അഞ്ചുലക്ഷം പിഴയുമായിരുന്നു കോടതി വിധിച്ചത്. കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാരും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറും ചേര്‍ന്ന്‌ തന്റെ കുടുംബത്തിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന്‌ തേജസ്വി യാദവ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

രാഷ്‌ട്രീയ ശത്രുക്കളാണ്‌ അദ്ദേഹത്തെ കേസില്‍ കുടുക്കിയതെന്നു ജനങ്ങള്‍ക്കറിയാം. സാധാരണക്കാരുടെ മിശിഹയാണ്‌ ലാലു. അദ്ദേഹത്തിനെതിരായ നീക്കത്തെ ജനങ്ങളുടെ കോടതിയില്‍ നേരിടും. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും തേജസ്വി യാദവ് പറഞ്ഞു.

നിതീഷ് കുമാര്‍ നേതൃത്വം നല്‍കിയിരുന്ന മഹാസഖ്യം സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു തേജസ്വി യാദവ്. പിന്നീട് മഹാസഖ്യം പിളരുകയും നിതീഷ് എന്‍ ഡി എ പാളയത്തില്‍ എത്തുകയുമായിരുന്നു. കോടതി വിധി വിശദമായി പഠിച്ചതിനു ശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വിധി പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തേജസ്വി പറഞ്ഞിരുന്നു.