മോദി സര്‍ക്കാരിനെ ഒരാളും വിമര്‍ശിക്കരുത്: ആധാര്‍ വിവരങ്ങള്‍ വില്‍പ്പനക്കെന്ന വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ്

single-img
7 January 2018

ബയോമെട്രിക് രേഖകള്‍ അടക്കം ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ അടങ്ങിയ ആധാര്‍ സുരക്ഷിതമല്ലെന്ന് തെളിവ് സഹിതം വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ്. ട്രിബ്യൂണ്‍ ദിനപത്രത്തിന്റെ റിപ്പോര്‍ട്ടര്‍ രചന കാരിയക്കെതിരെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി സെക്ഷന്‍ 419, 420, 471, എന്നി വകുപ്പുകളും ഐടി ആക്ടിലെ 66ാം വകുപ്പും ആധാര്‍ ആക്ടിലെ 36/37 വകുപ്പുകള്‍ പ്രകാരവുമാണ് കേസ്. യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്ടറുടെ പരാതിപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, എഫ്‌ഐആര്‍ സംബന്ധിച്ച വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ ട്രിബ്യൂണിന്റെ എഡിറ്റര്‍ ഹരിഷ് ഖാരെ വിസമ്മതിച്ചു. കേസിനെ സംബന്ധിച്ച് യുഐഡിഎഐയുടെ മീഡിയ വിഭാഗവും പ്രതികരിച്ചിട്ടില്ല.

500 രൂപ കൊടുത്താല്‍ പത്തുമിനിറ്റുകൊണ്ട് നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും ലഭിക്കുമെന്നും 300 രൂപ കൂടി നല്‍കിയാല്‍ ആരുടെ പേരിലും ‘ആധികാരിക’ ആധാര്‍ കാര്‍ഡ് അച്ചടിച്ചെടുക്കാനുള്ള ‘സോഫ്റ്റ് വെയറും’ ഏജന്റുമാര്‍ കമ്പ്യുട്ടറില്‍ സ്ഥാപിച്ചു തരുമെന്നുമായിരുന്നു ദ ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്.

ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ കണ്ട നമ്പര്‍ വഴിയാണ് പത്രത്തിന്റെ ലേഖിക രചന ഖൈര തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്. അനാമിക എന്ന് പേര് കൊടുത്തു. ഫോണ്‍ നമ്പരും മെയില്‍ ഐഡിയും നല്‍കി. 500 രൂപ പറഞ്ഞ അക്കൗണ്ടിലേക്കും അടച്ചു. 20 മിനിട്ടിനകം ലേഖികയെ ഒരു ആധാര്‍ എന്റോള്‍മെന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആക്കിക്കൊണ്ടുള്ള മെയില്‍ ലഭിച്ചു.

അഡ്മിനിസ്‌ട്രേറ്റര്‍ക്കുള്ള യൂസര്‍ ഐഡിയും പാസ്വേഡും പിന്നാലെയെത്തി. അതോടെ ഇന്ത്യയില്‍ ആധാര്‍ എടുക്കാനായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ലേഖികയ്ക്ക് ലഭ്യമായി. ആധാര്‍ കാര്‍ഡ് അച്ചടിച്ചെടുക്കാനുള്ള സോഫ്റ്റ് വെയര്‍ ആവശ്യപ്പെട്ട ലേഖികയ്ക്ക് 300 രൂപ കൂടി മുടക്കിയപ്പോള്‍ ഏജന്റ് അതും ലഭ്യമാക്കി.

മറ്റൊരാള്‍ ‘ടീം വ്യുവര്‍’ വഴി ലേഖികയുടെ കമ്പ്യൂട്ടറില്‍ കയറി ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുകയായിരുന്നു. അതോടെ ഇന്ത്യയില്‍ ആരുടെപേരിലുള്ള ആധാര്‍ കാര്‍ഡ് അച്ചടിയ്ക്കാനും ലേഖികയ്ക്ക് കഴിയുമെന്ന സ്ഥിതിയായി. അതീവ രഹസ്യമായി സൂക്ഷിയ്ക്കുന്നതായി സര്‍ക്കാര്‍ അവകാശപ്പെടുന്ന രേഖകളാണ് അരമണിക്കൂറില്‍ 800 രൂപ മുടക്കില്‍ ആര്‍ക്കും അച്ചടിയ്ക്കാവുന്ന വിധത്തില്‍ ലഭ്യമായതെന്ന് പത്രം ചൂണ്ടിക്കാട്ടിയിരുന്നു.