എ കെ ജി വിവാദം: മാപ്പിനു പകരം പിണറായിയ്ക്ക് സ്പൂഫുമായി വി ടി ബൽറാം

single-img
7 January 2018

എ കെ ജി വിവാദംഎ കെ ഗോപാലനെതിരായ പരാമർശത്തിനു മാപ്പു പറയണമെന്നാവശ്യപ്പെട്ട സി പി എമ്മിനെ സ്പൂഫ് കൊണ്ടു നേരിട്ട് കോൺഗ്രസ്സ് എം എൽ ഏ ആയ വി ടി ബൽറാം. എ കെ ജി വിവാദം ആദ്യം ഉയർന്നപ്പോൾ തന്നെ ബൽറാമിനെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്പൂഫുമായാണു ബൽറാം രംഗത്തെത്തിയിരിക്കുന്നത്.

“ ഡോ. മന്മോഹൻ സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാർട്ടിയുടെയും സർക്കാരിന്റേയും ജീർണ്ണത തെളിയിക്കുന്നു.” എന്നു പറഞ്ഞുകൊണ്ടാണു ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. നേരത്തേ മന്‍മോഹന്‍ സിംഗ് വിദേശത്തു പോകുന്നത് മദ്യപിക്കാനാണെന്ന തരത്തില്‍ പരാമർശം നടത്തിയ വൈദ്യുത മന്ത്രി എം എം മണിയെ ലക്ഷ്യം വെയ്ക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ബൽറാമിനെ വിമർശിച്ചുകൊണ്ട് പിണറായി ഇട്ട പോസ്റ്റിന്റെ സ്പൂഫ് പോലെയാണു.

എ കെ ജിയെ അവഹേളിച്ച എം എൽ എ യെ കോൺഗ്രസ് സംരക്ഷിക്കുന്നത് ആ പാർട്ടിയുടെ ജീർണ്ണത തെളിയിക്കുന്നു. ഇന്ത്യൻ നാഷനൽ…

Posted by Pinarayi Vijayan on Saturday, January 6, 2018

പിണറായിയുടെ പോസ്റ്റ് ആരംഭിക്കുന്നത് “ എ കെ ജിയെ അവഹേളിച്ച എം എൽ എ യെ കോൺഗ്രസ് സംരക്ഷിക്കുന്നത് ആ പാർട്ടിയുടെ ജീർണ്ണത തെളിയിക്കുന്നു“ എന്നു പറഞ്ഞുകൊണ്ടാണു.

പിണറായിയുടെ പോസ്റ്റിൽ എ കെ ജിയുടെ മേന്മകൾ എണ്ണിപ്പറയുകയും അദ്ദേഹം സാധാരണക്കാർക്ക് എങ്ങനെ പ്രിയപ്പെട്ടവനാകുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയിൽ അധിക്ഷേപിച്ച എംഎൽഎയ്ക്ക് കോൺഗ്രസിന്റെ ചരിത്രമോ എ കെ ജിയുടെ ജീവിതമോ അറിയില്ലായിരിക്കാമെന്നും പിണറായി പറഞ്ഞിരുന്നു.

പിണറായിയുടെ ഈ പോസ്റ്റിലെ എ കെ ജിയ്ക്കു പകരം മന്മോഹൻ സിംഗിനെ പ്രതിഷ്ഠിച്ചുകൊണ്ടാണു ബൽറാം  തന്റെ നിലപാടിനു പ്രതിരോധം തീർത്തത്. ഇന്ത്യൻ സാമ്പത്തിക വിപ്ലവത്തിന്റെ പതാകയേന്തി നാടിന്റെ വികസനത്തിനു വേണ്ടി പടപൊരുതിയ മഹാനായ മുൻപ്രധാനമന്ത്രിയെ ഹീന ഭാഷയിൽ അധിക്ഷേപിച്ച മന്ത്രിക്ക്‌ ഈ രാജ്യത്തിന്റെ ചരിത്രമോ മന്മോഹൻജിയുടെ ജീവിതമോ അറിയില്ലായിരിക്കാമെന്നാണു ബൽറാമിന്റെ സ്പൂഫ് പോസ്റ്റിലെ വാചകം. 

പിന്നീടങ്ങോട്ട് ബൽറാമിന്റെ പോസ്റ്റിലെ ഓരോ വാചകവും എ കെ ജിയെപ്പറ്റി പിണറായി പറഞ്ഞതിനെ മന്മോഹൻ സിംഗിനെക്കുറിച്ചാക്കി മാറ്റിയതാണു. നെഹ്രുവിനു ഏ കെജിയെ മതിപ്പായിരുന്നു എന്നത് വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ട് ‘നെഹ്രുവിനെയും സ്വാതന്ത്ര്യ സമരത്തെയും മറന്ന നിർഗുണ ഖദർ ധാരികൾ ‘ എന്നൊരു പ്രയോഗം പിണറായി നടത്തിയിരുന്നു. എന്നാൽ നെഹ്രുവിനു പകരം ഹർകിഷൻ സിംഗ് സുർജ്ജിത്തിനെയാണു ബൽറാം തന്റെ പോസ്റ്റിൽ കൊണ്ടുവന്നത്. മന്മോഹൻ സിംഗ് സർക്കാരിനു ഇടതുപക്ഷം പിന്തുണ നൽകാൻ തീരുമാനിച്ച കാലത്ത് ഹർകിഷൻ സിംഗ് ആയിരുന്നു പാർട്ടി സെക്രട്ടറി. ‘ഹർകിഷൻസിംഗ്‌ സുർജിത്തിനെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തേയും മറന്ന നിർഗുണ സഖാക്കൾ ‘ എന്ന പ്രയോഗത്തിലൂടെ പിണറായിയെ തിരിച്ചടിച്ച ബൽറാം തന്റെ പോസ്റ്റിൽ സുർജ്ജിത്തും മന്മോഹൻ സിംഗും കൂടി നിൽക്കുന്ന ഒരു ചിത്രവും ചേർത്തിട്ടുണ്ട്.

ഡോ. മന്മോഹൻ സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാർട്ടിയുടെയും സർക്കാരിന്റേയും…

Posted by VT Balram on Sunday, January 7, 2018

ഇതോടെ എ കെ ജി വിവാദം മറ്റൊരു തലത്തിലേയ്ക്ക് നീങ്ങുകയാണു. “ബാലപീഢനം നടത്തിയ കമ്മി നേതാവ്‌ എകെജി മുതൽ ഒളിവുകാലത്ത്‌ അഭയം നൽകിയ വീടുകളിൽ നടത്തിയ വിപ്ലവപ്രവർത്തനങ്ങൾ“ എന്ന് വി ടി ബൽറാം ഫെയ്സ്ബുക്കിലെ ഒരു കമന്റിൽ പരാമർശിച്ചതാണു വിവാദമായത്

മുതിർന്ന കോൺഗ്രസ്സ് നേതാക്കളും കെ പി സി സി നേതൃത്വവും ബൽറാമിന്റെ പ്രസ്താവനയെ എതിർത്ത് രംഗത്തുവന്നിരുന്നു. എന്നാൽ യൂത്ത് കോൺഗ്രസ്സ് വി ടി ബൽറാമിനു പിന്തുണയ്ക്കുകയും ചെയ്തിരുന്നു.