ഏ കെ ജിയെ ബാലപീഡകനെന്ന് വിളിച്ചു: വി ടി ബൽറാം വിവാദക്കുരുക്കിൽ

single-img
6 January 2018

വി ടി ബലറാംമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും പാർലമന്റിലെ ആദ്യത്തെ പ്രതിപക്ഷനേതാവുമായിരുന്ന ഏ കെ ഗോപാലനെ ബാലപീഡകനെന്ന് വിളിച്ച കോൺഗ്രസ്സ് എം എൽ ഏ വി ടി ബൽറാം വിവാദക്കുരുക്കിൽ. ഫെയ്സ്ബുക്കിലെ ഫ്രീ തിങ്കേഴ്സ് എന്ന ഗ്രൂപ്പിൽ നടന്ന ഒരു ചർച്ചയ്ക്കിടെയാണു വി ടി ബൽറാം എ കെ ജിയെ ബാലപീഡകനെന്ന് പരാമർശിച്ചത്. തൃത്താലയിൽ നിന്നുള്ള യു ഡി എഫിന്റെ സാമാജികനാണു ബൽറാം.

“ബാലപീഢനം നടത്തിയ കമ്മി നേതാവ്‌ എകെജി മുതൽ ഒളിവുകാലത്ത്‌ അഭയം നൽകിയ വീടുകളിൽ നടത്തിയ വിപ്ലവപ്രവർത്തനങ്ങൾ“ എന്നായിരുന്നു വി ടി ബൽറാമിന്റെ പരാമർശം.  എ കെ ജിയുടെ ഭാര്യയായിരുന്ന സുശീലയെ അദ്ദേഹം ആദ്യമായി കാണുമ്പോൾ അദ്ദേഹത്തിനു നാൽപ്പതിനടുത്ത് പ്രായമുണ്ടായിരുന്നുവെന്നും അവർക്ക് പന്ത്രണ്ടു വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ബലറാം ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തര കൊറിയയുടെ ഭരണാധികാരിയായ കിംഗ് ജോങ് ഉന്നിനെ പ്രകീർത്തിച്ചതിന്റെ വാർത്ത ഷെയർ ചെയ്തുകൊണ്ട് അഭിനന്ദ് മുരളീധരൻ എന്നയാൾ ഇട്ട പോസ്റ്റിലാണു ബൽറാമിന്റെ വിവാദ കമന്റ് പ്രത്യക്ഷപ്പെട്ടത്. പിണറായി വിജയൻ അടക്കമുള്ള കമ്മ്യൂണിസ്റ്റുകാരുടെ ഇത്തരം പ്രസ്താവനകളും പ്രവൃത്തികളും കേരളത്തെ മറ്റു സംസ്ഥാനങ്ങളുടെ മുന്നിൽ നാണം കെടുത്തുന്നു എന്ന ബൽറാമിന്റെ കമന്റിനു പിന്നാലെ അദ്ദേഹവും സി പി എം അനുഭാവികളുമായുള്ള വാക്പോരാരംഭിച്ചു. സി പി എം അനുഭാവികൾ തുടർച്ചയായി സോളാർ കേസും സരിതാ എസ് നായരുടെ മൊഴിയും പരാമർശിച്ചപ്പോഴായിരുന്നു ബൽറാം അതിനെല്ലാം മറുപടിയായി എ കെ ജിയ്ക്കെതിരേ ആരോപണം ഉന്നയിച്ചത്.

ഉമ്മർ ഫാറൂക്ക് എന്നയാളോടുള്ള മറുപടിയായി “എന്നാലിനി ബാലപീഢനം നടത്തിയ കമ്മി നേതാവ്‌ എകെജി മുതൽ ഒളിവുകാലത്ത്‌ അഭയം നൽകിയ വീടുകളിൽ നടത്തിയ വിപ്ലവപ്രവർത്തനങ്ങൾ വരെയുള്ളതിന്റെ വിശദാംശങ്ങൾ ഉമ്മർ ഫാറൂഖ്‌ തന്നെ നൽകുന്നതായിരിക്കും.“ എന്ന് ബൽറാം പറയുകയായിരുന്നു. ഇത്തരമൊരു കമന്റിടാനുള്ള കാരണം ചോദിച്ചതിനു മറുപടിയായി എ കെ ജിയുടെ ആത്മകഥയിലെ ഒരു ഭാഗം എന്നവകാശപ്പെടുകൊണ്ട് ബൽറാം ഒരു വാചകം ഉദ്ധരിച്ചതിങ്ങനെ: “വളർന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളർന്നു വരുന്ന സുശീലയും എന്നിൽ മോഹങ്ങൾ അങ്കുരിപ്പിച്ചു”.

എന്നാൽ ബൽറാം ഈ ഭാഗം തെറ്റായ രീതിയിലാണു ഉദ്ധരിച്ചതെന്നും എ കെ ജിയുടെ ആത്മകഥയിൽ അങ്ങനെയല്ല കാര്യങ്ങൾ പറഞ്ഞിരിക്കുന്നതെന്നും ആരോപിച്ചുകൊണ്ട് തെളിവുമായി നിരവധിപേർ രംഗത്തുവന്നതോടെയാണു ബൽറാം വെട്ടിലായത്.

എന്റെ ജീവിത കഥ എന്ന എ കെ ജിയുടെ ആത്മകഥയിൽ എ കെ ജി പറയുന്നത് ഇപ്രകാരമാണു.

” ഞാൻ ഒളിവിൽ നിന്ന് പുറത്ത്‌ വന്നപ്പോൾ ഒരു സഖാവ്‌ എന്നെ അറിയിച്ചു ” സുശീല ഫോട്ടോയും വെച്ച്‌ കാത്തിരിക്കുന്നു അങ്ങ്‌ എഴുത്തെഴുതാത്തതിൽ അവൾ ദുഖിതയാണു. അവളെ കാണണമെന്ന് ഞാൻ തീരുമാനിചു . സഖാവ്‌ കൃഷ്ണ പിള്ള എന്റെ കൂടെ വരാമെന്ന് പറഞ്ഞു . എന്നാൽ എനിക്കത്‌ ചെയാൻ കഴിഞ്ഞില്ല . ഞാൻ അറസ്റ്റ്‌ ചെയ്യപ്പെട്ടു . ഞാൻ കോയംബത്തൂർ ജയിലിൽ കിടക്കുംബോൾ അവൾ എന്നെ കാണാൻ വന്നു .

നാട്ടിലെ വളർന്നുവരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട്‌ എനിക്ക്‌ കൂടുതൽ മമത തോന്നി .

ഞാൻ ജയിലിൽ നിന്ന് പുറത്ത്‌ വന്നാലുടനെ വിവാഹിതരാകണമെന്ന് ഞങ്ങൾ അവിടെവെച്ച്‌ അപ്പോൾ തന്നെ തീരുമാനിച്ചു “

ഇതിലെ മമത തോന്നി എന്ന വാചകത്തെയാണു ബൽറാം മോഹം അങ്കുരിപ്പിച്ചു എന്ന് തെറ്റായി ഉദ്ധരിച്ചത്. ആത്മകഥയിൽ പറയുന്നതു പ്രകാരം 1947-ലാണു ഈ സംഭവം. അന്നു സുശീല കോളജ് വിദ്യാർത്ഥിനിയായ യുവതിയാണു.

ബൽറാം ഉദ്ധരിച്ച വാചകം അനൂപ് വി ആർ എന്ന കോൺഗ്രസ്സ് നേതാവ് ഒരു ഓൺലൈൻ മാധ്യമത്തിലെഴുതിയ ലേഖനത്തിൽ ആണു ആദ്യം പരാമർശിക്കപ്പെടുന്നത്. മുഹമ്മദ് ഫർഹാദ് എന്ന യുവാവ് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയോട് തനിക്ക് കാമവികാരമുണ്ടെന്ന് പറഞ്ഞുകൊണ്ട് പീഡൊഫീലിയയെ ന്യായീകരിക്കാൻ ഇട്ട ഫെയ്സ്ബുക്ക് കമന്റിനെ അനൂപ് വി ആർ അനുകൂലിച്ചിരുന്നു. പിന്നീട് പലതവണയായി ഇയാൾ ഫർഹാദിനെ ന്യായീകരിക്കുകയും ചെയ്തിരുന്നു. ആ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുന്നതിനായി ഇയാൾ പ്രസിദ്ധീകരിച്ച ലേഖനത്തിലാണു എ കെ ജിയുടെ ആത്മകഥയിലെ ഭാഗം തെറ്റായി ഉദ്ധരിച്ചിരുന്നത്. ഇത് അതുപോലെ കമന്റിൽ ഉപയോഗിച്ചാണു വി ടി ബൽറാം വെട്ടിലായത്.

എന്നാൽ വീണ്ടും വിശദീകരണവുമായി ബൽറാം രംഗത്തെത്തിയിരുന്നു. എ കെ ജി ആദ്യമായി സുശീലയെ കാണുമ്പോൾ അവർക്ക് പന്ത്രണ്ട് വയസ്സുമാത്രമായിരുന്നു പ്രായമെന്ന് തെളിയിക്കുന്ന രേഖകൾ അടക്കം ചേർത്തുവെച്ച് ബൽറാം ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിനു പക്ഷേ ബാലപീഡനം എന്ന ആരോപണത്തെ സ്ഥാപിക്കാൻ കഴിയുന്നില്ല.

ആദ്യത്തേത്‌ "പോരാട്ടകാലങ്ങളിലെ പ്രണയം" എന്ന തലക്കെട്ടോടുകൂടി ദ്‌ ഹിന്ദു ദിനപത്രം 2001 ഡിസബർ 20ന്‌ പ്രസിദ്ധീകരിച്ച…

Posted by VT Balram on Friday, January 5, 2018

കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ ഭേദമന്യേ ഇഷ്ടപ്പെടുന്ന പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ടിരുന്ന എ കെ ജിയെക്കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയ ബൽറാമിനെതിരേ നിരവധി ആളുകളാണു രംഗത്തെത്തിയത്.

വി ടി ബൽറാം എ കെ ജിക്കെതിരായി നടത്തിയതിന് തോന്ന്യാസമൂല്യം അല്ലാതെ ഒന്നുമില്ലെന്നാണു മാധ്യമപ്രവർത്തകനായ സനീഷ് പ്രതികരിച്ചത്.

നീച് എന്ന് മോദിയെ വിളിച്ച നേതാവിനെ പുറത്താക്കിയ പാര്‍ട്ടി തന്നെയല്ലേ കോണ്‍ഗ്രസ്സ്. മണിശങ്കര്‍ അയ്യരുടെ പരാമര്‍ശത്തിന്…

Posted by Saneesh Elayadath on Friday, January 5, 2018

ഒളിവില്‍ സഖാവ് എ.കെ.ജിക്ക് അഭയം കൊടുത്ത മുഴുവന്‍ സ്ത്രീകളെയും വി.ടി.ബല്‍റാം അപമാനിക്കുകയാണെന്ന് ആക്ടിവിസ്റ്റും ഗവേഷക വിദ്യാർത്ഥിനിയുമായ അരുന്ധതി അഭിപ്രായപ്പെട്ടു.

#പറഞ്ഞിട്ട്_പോയാ_മതി ജനങ്ങള്‍ തെരഞ്ഞെടുത്ത MLA യാണ്. പറയുന്നത് പൊതുസ്ഥലത്താണ്. എ.കെ.ജി യെ കമ്യൂണിസ്റ്റ് പാര്‍ടി…

Posted by Arundhathi B on Friday, January 5, 2018

സമൂഹത്തിൽ നിലനിന്നിരുന്ന എല്ലാത്തരം ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കും എതിരായി പോരാടിയ ആളായിരുന്നു എ കെ ജിയെന്നും അദ്ദേഹത്തെക്കുറിച്ച് ഇത്തരമൊരു പരാമർശവും വിവാദവും അനാവശ്യമാണെന്നും എം എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു.

Controversy over AKGI am really worried about the present controversy over the love and marriage of A K Gopalan, the…

Posted by MN Karassery on Friday, January 5, 2018

നമ്മുടെ സമൂഹം അങ്ങേയറ്റം വെറുക്കുന്ന ഒരു കുറ്റകൃത്യമായ ബാലപീഡനമാണു ഇന്ത്യൻ പാർലമെന്റിലെ ആദ്യ പ്രതിപക്ഷനേതാവിന്റെ സ്‌ഥാനത്തിരുന്ന മനുഷ്യന്റെ നേരെ വി ടി ബൽറാം ഉന്നയിച്ചതെന്നും ആ ആരോപണത്തിനു തെളിവു വേണമെന്നുമാണു മുതിർന്ന മാധ്യമപ്രവർത്തകനായ കെ ജെ ജേക്കബ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

“മരിച്ചുപോയ നേതാവിനെക്കുറിച്ച് നിങ്ങൾ ഉന്നയിച്ചത് അത്യന്തം ഗൗരവമായ ക്രിമിനൽ കുറ്റമാണ്. അതിനു തെളിവ് നൽകാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്. ഇനി അതല്ല വഴിയേ പോകുമ്പോൾ മാവിന് കല്ലെറിയുന്ന കുട്ടിയാണ് താൻ എന്ന് സ്വയം കരുതാൻ രണ്ടാം പ്രാവശ്യം എം എൽ എ ആയ ആൾക്കു അവകാശമുണ്ട്, മാവിന്റെ ഉടമകൾ അതംഗീകരിച്ചാലും ഇല്ലെങ്കിലും.“ ജേക്കബ് പറയുന്നു.

വി ടി ബൽറാമിന്റെ എ കെ ജിയെപ്പറ്റിയുള്ള ഒരു ക്രിമിനൽ കുറ്റാരോപണവും ഒരു ദുസൂചനയും അതിലൊന്നിന് നൽകിയ വിശദീകരണവും കണ്ടു….

Posted by KJ Jacob on Friday, January 5, 2018

ഫെയ്സ്ബുക്ക് ചർച്ചകളിൽ ബൽറാമിന്റെ കമന്റ് നിറഞ്ഞുനിൽക്കുകയാണു.