കൊച്ചിയില്‍ വന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍

single-img
6 January 2018

കൊച്ചി: കൊച്ചി നഗരത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയില്‍. ഇതരസംസ്ഥാനക്കാരായ യുവതികളും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പുരുഷന്‍മാരും ഉള്‍പെട്ട പതിനഞ്ചംഗ സംഘത്തെയാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

തോക്കും ലഹരിവസ്തുക്കളും ഹോട്ടലില്‍ നിന്ന് കണ്ടെത്തി. അറസ്റ്റിലായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ ഒരാള്‍ എച്ച്‌ഐവി ബാധിതനാണെന്ന് പൊലീസ് വ്യക്തമാക്കി. വാണിഭസംഘത്തിന്റെ നടത്തിപ്പുകാരിയായ ഡല്‍ഹി സ്വദേശിനി ഷെഹ്നാസിന് (28) പുറമെ, ഡല്‍ഹി സ്വദേശിനി നീലം (21), ഫിര്‍ദോസ് (38), അസം സ്വദേശിനി മേരി (28), മൂവാറ്റുപുഴ സ്വദേശിനി അഞ്ജു (20), ഇടപാടുകാരായ ആലപ്പുഴ സ്വദേശി ജ്യോതിഷ് (22), കോഴിക്കോട് സ്വദേശികളായ രാഹിത് (21), ബിനു (22), മലപ്പുറം സ്വദേശി ജെയ്‌സന്‍ (37), അരുണ്‍ എന്ന കാവ്യ (19), മെല്‍ബിയന്‍ എന്ന ദയ (22), അഖില്‍ എന്ന അദിഥി, രതീഷ് എന്ന സയ (34), ലോഡ്ജ് നടത്തിപ്പുകാരന്‍ കൊച്ചി സ്വദേശി ജോഷി, മാനേജര്‍ കൊല്ലം സ്വദേശി വിനീഷ് (28) എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വെബ്‌സൈറ്റുകള്‍ വഴി പരസ്യം നല്‍കിയാണ് സംഘം ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നത്. കൊച്ചി സിറ്റി പൊലീസ് ഓണ്‍ലൈന്‍ സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും നടത്തിവന്ന നിരീക്ഷണത്തിനിടെയാണ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

പരിശോധനയില്‍ ഒരു തോക്കും അനുവദനീയമായ അളവില്‍ കൂടുതലുള്ള മദ്യവും ഇവരില്‍ നിന്നു പിടിച്ചെടുത്തു. അറസ്റ്റിലായ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇടപാടുകാരെ ലോഡ്ജില്‍ എത്തിച്ചു നല്‍കിയിരുന്നതായും പൊലീസ് പറയുന്നു. സംഘത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.

ലോഡ്ജ് നടത്തിപ്പുകാരന്റെയും ജീവനക്കാരുടെയും ഒത്താശയോടെയും സംരക്ഷണത്തിലുമാണ് വാണിഭകേന്ദ്രം നടത്തിവന്നിരുന്നത്. തോക്ക്, വിദേശമദ്യം, ഇടപാടിന് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍, പണം, ഗര്‍ഭനിരോധന ഉറകള്‍ തുടങ്ങിയവ ലോഡ്ജില്‍നിന്ന് പൊലീസ് പിടിച്ചെടുത്തു. ലോഡ്ജിലെ ഓരോ മുറിയും പിന്നിലൂടെ ആളുകള്‍ക്ക് വരാനും പോകാനുമുള്ള സൗകര്യത്തോടെയാണ് നിര്‍മിച്ചിരുന്നത്.