ഇരുപത്തിമൂന്നുകാരിയായ ബന്ധുവിനൊപ്പം ഒളിച്ചോടി: യുവാവിനെ യുവതിയുടെ കുടുംബം കൊലപ്പെടുത്തി

single-img
6 January 2018

കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറില്‍ വെള്ളിയാഴ്ചയാണു സംഭവം നടന്നത്. മൂന്നു കുട്ടികളുടെ പിതാവായ ദിനേശും ബന്ധുവായ യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. നാലു ദിവസം മുന്‍പാണ് ഇരുവരും ഒളിച്ചോടിയത്. അടുത്ത മാസം ഇരുപത്തിമൂന്നുകാരിയായ യുവതിയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു ഒളിച്ചോട്ടം.

കല്യാണത്തിനായി കരുതിയിരുന്ന ആഭരണങ്ങളും പണവും കൊണ്ടായിരുന്നു ഒളിച്ചോട്ടം. വിവരം പുറത്തറിഞ്ഞതോടെ യുവതിയുടെ സഹോദരന്‍ ശങ്കര്‍, അമ്മാവന്‍ റിങ്കു എന്നിവര്‍ മയൂര്‍ വിഹാര്‍ ഫേസ് ഒന്നിലെ വീട്ടിലെത്തി ഇവരെ ആക്രമിക്കുകയായിരുന്നു.

ദിനേശ് സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. വിവാഹിതനായ ബന്ധുവിനൊപ്പം ഒളിച്ചോടിയ യുവതി കുടുംബത്തിന്റെ അഭിമാനം നശിപ്പിച്ചുവെന്ന് സഹോദരന്‍ പറഞ്ഞു. പ്രതികളെ പിടികൂടിയതായി ജോയിന്റ് കമ്മിഷണര്‍ ഓഫ് പൊലീസ് രവീന്ദ്ര യാദവ് പറഞ്ഞു.