‘സ്ത്രീകള്‍ പോലും സീറ്റ് നല്‍കി എന്റെ ഭാര്യയെ സഹായിച്ചില്ല’: ബസ്സില്‍ നിന്ന് വീണു മരിച്ച യുവതിയുടെ ഭര്‍ത്താവ്

single-img
6 January 2018

 

കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതി ബസില്‍ നിന്നും തെറിച്ചു വീണു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഭര്‍ത്താവ് രംഗത്ത്. ഭാര്യയുടെ മരണത്തിന് ബസ്സില്‍ യാത്ര ചെയ്തിരുന്നവരും ഉത്തരവാദികളാണെന്ന് മരിച്ച നാഷിദയുടെ ഭര്‍ത്താവ് താഹ പറഞ്ഞു.

ആര്‍ക്കും ഗര്‍ഭിണിയായ തന്റെ ഭാര്യയോട് സഹാനുഭൂതി തോന്നിയില്ല. സ്ത്രീകള്‍ പോലും സീറ്റ് നല്‍കി സഹായിച്ചില്ല. എന്നാല്‍ ബസ് ഡ്രൈവര്‍ ചെയ്ത കുറ്റം കുറച്ചുകാട്ടുകയല്ല. ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവര്‍ ബസിലാണ് യാത്ര ചെയ്യുന്നത്. ഞങ്ങളുടെ സുരക്ഷ അവരുടെ കൈയിലേക്കാണ് നല്‍കുന്നത്. എല്ലാ യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കാനുള്ള ചുമതല അവര്‍ക്കുണ്ട് എന്നാല്‍ അവര്‍ അത് ചെയ്തില്ല.’ അദ്ദേഹം പറഞ്ഞു.

തീക്കോയി റൂട്ടില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് ഗര്‍ഭിണിയായ നാഷിദ തെറിച്ച് വീഴൂകയായിരുന്നു. സംഭവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാഷിദ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്.

ബസ്സുകളുടെ മല്‍സരയോട്ടമാണ് അപകടത്തിന് ഇടയാക്കിയത്. എട്ടു മാസം ഗര്‍ഭിണിയായ നാഷിദ കുട്ടിയുമായി ബസ്സിലെ കമ്പിയില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. അമിത വേഗതയില്‍ മല്‍സരയോട്ടം നടത്തുകയായിരുന്ന ബസ്സിന്റെ ഡോര്‍ യാത്രക്കാരെ പെട്ടന്നു കയറ്റുന്നതിനായി തുറന്നിട്ടിരിക്കുകയായിരുന്നു.

ഈ സമയം ബസ് തിരിഞ്ഞപ്പോള്‍ നാഷിദ ബസ്സില്‍ നിന്നു തെറിച്ച് റോഡിലേയ്ക്കു വീണ് തലയ്ക്കു ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ഗര്‍ഭിണിയായ യുവതി ബസ്സില്‍ നില്‍ക്കുന്നതു കണ്ടിട്ടും സഹയാത്രികര്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് കൊടുത്തിരുന്നില്ല.

അപകട ദിവസം തന്നെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സിസേറിയനിലൂടെ നാഷിദയുടെ ഉദരത്തില്‍ നിന്നു കുഞ്ഞിനെ പുറത്തെടുത്തു. ആണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്. 10ഉം അഞ്ചും വയസ്സുള്ള പെണ്‍മക്കളെയും അഞ്ചു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെയും വിട്ടിട്ടാണ് നാഷിദ ഈ ലോകത്തോട് വിടപറഞ്ഞത്.